ലണ്ടന്‍: ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി 68,357 രജിസ്റ്റേര്‍ഡ് ലൈംഗിക കുറ്റവാളികള്‍ ഉണ്ടെന്ന ഞെട്ടിക്കുന്ന കണക്കുമായി നീതിന്യായ വകുപ്പ് . രാജ്യത്തെ 10 വയസ്സിന് മേല്‍ പ്രായമുള്ളവരില്‍ 769 പേരില്‍ ഒരാള്‍ വീതം ലൈംഗിക കുറ്റവാളികള്‍ ആണെന്നതാണ് കണക്കുകള്‍ പറയുന്നത്. 2022 മാര്‍ച്ചിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇംഗ്ലണ്ടിലെയും വെയ്ല്‍സിലേയും ലൈംഗിക കുറ്റവാളികളുടെ എണ്ണത്തില്‍ രണ്ടു ശതമാനം വര്‍ദ്ധനവുണ്ടായി. 2022ല്‍ 66,741 റെജിസ്ട്രേഡ് ലൈംഗിക കുറ്റവാളികളാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 12 വര്‍ഷക്കാലത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ലൈംഗിക കുറ്റവാളികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത് 85 ശതമാനത്തിന്റെ വര്‍ദ്ധനവാണ്. ഞെട്ടിക്കുന്ന കണക്കുകള്‍ സുരക്ഷയെ സംബന്ധിച്ച് ആശങ്കകള്‍ ഉണര്‍ത്തുകയാണ്.
12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി ഉണ്ടായിരുന്നത് 36,921 ലൈംഗിക കുറ്റവാളികളായിരുന്നു. മള്‍ടി ഏജന്‍സി പബ്ലിക് പ്രൊട്ടക്ഷന്‍ അറേഞ്ച്മെന്റ്സ് ആണ് ഈ കണക്കുകള്‍ ശേഖരിക്കുന്നത്. ജനനിബിഢമായ സ്ഥലങ്ങളില്‍ ലൈംഗിക കുറ്റവാളികളുടെ എണ്ണം മറ്റ് ചില ഇടങ്ങളിലേതിന്റെ മൂന്നിരട്ടിയോളം വരും. ലങ്കാഷയറില്‍, 10 വയസ്സിന് മേല്‍ പ്രായമുള്ള ഓരോ 459 പേരിലും ഒരു ലൈംഗിക കുറ്റവാളി എന്ന കണക്കിലാണുള്ളത്. കൗണ്ടി ഡുറത്തില്‍ ഓരോ 562 പേരിലും ഒരു കുറ്റവാളിയുണ്ട്. ഹമ്പര്‍സൈഡില്‍ ഓരോ 588 പേര്‍ക്കും നോര്‍ത്ത് വെയ്ല്‍സില്‍ ഓരോ 602 പേര്‍ക്കുമാണ് ഒരു ലൈംഗിക കുറ്റവാളി വീതമുണ്ട്. ഏറ്റവും കുറവ് ലൈംഗിക കുറ്റവാളികള്‍ ഉള്ളത് ഹെര്‍ട്ട്ഫോര്‍ഡ്ഷയറിലാണ്. ഇവിടെ 816 റെജിസ്ട്രേഡ് ലൈംഗിക കുറ്റവാളികള്‍ ആണുള്ളത്. അതായത് 10 വയസ്സിന് മേല്‍ പ്രായമുള്ള 1299 പേരില്‍ ഒരാള്‍ വീതം കുറ്റവാളികളാണ് എന്നര്‍ത്ഥം. ഓരോ 1250 പേരില്‍ ഒരു കുറ്റവാളി എന്ന കണക്കുമായി സറേയും, 1124 പേറില്‍ ഒരു കുറ്റവാളി എന്ന കണക്കുമായി ലണ്ടനും 1087 പേരില്‍ ഒരു കുറ്റവാളിയുമായി ബെഡ്ഫോര്‍ഡ്ഷയറും തൊട്ടു പുറകിലുണ്ട്.