ലണ്ടന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് ഇന്ന് ആ ചരിത്ര തീരുമാനം പ്രഖ്യാപിക്കാം. രാജ്യത്തിന്റെ നില ശക്തമെന്ന് അരക്കിട്ട് ഉറപ്പിച്ച് വിപണിക്ക് 'പോസിറ്റീവ്' സന്ദേശം കൈമാറാന്‍ അവസരമുണ്ട്. എന്നാല്‍ കൂടുതല്‍ നിരീക്ഷിച്ച ശേഷമാകാം നടപടിയെന്ന് ചിന്തിച്ചാല്‍ ഈ മാറ്റത്തിന് സാധ്യത ഇല്ലാതാകും. പലിശ നിരക്കുകള്‍ ഏത് വിധത്തില്‍ മുന്നോട്ട് പോകണമെന്ന സുപ്രധാന തീരുമാനത്തിനായി രാജ്യം കാതോര്‍ത്ത് ഇരിക്കുകയാണ്. പലിശ നിരക്കുകള്‍ 5.25 ശതമാനത്തില്‍ തന്നെ വീണ്ടും നിലനിര്‍ത്താന്‍ ബാങ്ക് തീരുമാനിക്കുമെന്നാണ് പ്രതീക്ഷ. എന്നിരുന്നാലും ഈ തീരുമാനത്തിന് ലഭിക്കുന്ന വോട്ടുകള്‍ ഉള്‍പ്പെടെ നിരീക്ഷിച്ച് ഭാവി നിരക്ക് വെട്ടിക്കുറയ്ക്കലുകളുടെ സാധ്യതയാകും വിദഗ്ധര്‍ പരിശോധിക്കുക.
ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി നിരക്കുകള്‍ ഉയര്‍ന്ന നിലയില്‍ മാറ്റമില്ലാതെ നിലനിര്‍ത്താനുള്ള തീരുമാനം കൈക്കൊള്ളുമെന്ന് തന്നെയാണ് വിപണിയുടെ പ്രതീക്ഷ. ലേബര്‍ വിപണി കൂടുതല്‍ സ്ഥിരത കൈവരിച്ചിട്ടുണ്ടെന്നത് തീരുമാനത്തില്‍ സുപ്രധാന ഘടകമാണ്. ഡിസംബറില്‍ സര്‍വ്വീസസ് കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് വാര്‍ഷിക നിരക്ക് 6.4 ശതമാനത്തില്‍ എത്തിയിരുന്നു. നവംബറിലെ 6.3 ശതമാമത്തില്‍ നിന്നുമാണ് ചെറിയ വര്‍ദ്ധന. ഡിസംബറില്‍ പണപ്പെരുപ്പം 4 ശതമാനത്തിലേക്ക് പതിയെ കയറുകയും ചെയ്തു. എന്നിരുന്നാലും സാങ്കേതികമായി ഒരു സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാന്‍ യുകെ സമ്പദ് വ്യവസ്ഥയ്ക്ക് സാധിച്ചിട്ടുണ്ട്. മേയ് മാസത്തില്‍ ആദ്യത്തെ 25 ബേസിസ് പോയിന്റ് വെട്ടിച്ചുരുക്കല്‍ വരുമെന്നാണ് ഗോള്‍ഡ്മാന്‍ സാഷസ് പ്രവചനം. നിലവിലെ നിരക്ക് നിലനിര്‍ത്തിയാല്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ വര്‍ദ്ധിക്കാതെ രക്ഷപ്പെടും.