ലണ്ടന്‍: രാജ്യത്തെ പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. എന്നാല്‍ അടുത്ത നീക്കത്തില്‍ പലിശ നിരക്ക് കുറയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്ലി പ്രതികരിച്ചു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പണപ്പെരുപ്പം ലക്ഷ്യമിട്ട 2 ശതമാനത്തിലേക്ക് താഴുമെന്ന് ബാങ്ക് പ്രവചിക്കുന്നു. ഈ ഘട്ടത്തില്‍ തുടര്‍ച്ചയായ നാലാം തവണയാണ് ബേസ് റേറ്റ് 5.25 ശതമാനത്തില്‍ നിലനിര്‍ത്താന്‍ ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനം കൈക്കൊണ്ടത്. യോഗത്തില്‍ ഒരു അംഗം മാത്രമാണ് ബേസ് ലെവല്‍ പലിശ നിരക്ക് താഴ്ത്തുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. നിരക്ക് കുറയ്ക്കുന്നതിന് സമീപം എത്തിക്കഴിഞ്ഞതായാണ് കേന്ദ്ര ബാങ്ക് നല്‍കുന്ന സൂചനകള്‍.
ഇനി നിരക്ക് വര്‍ദ്ധനവുകളുടെ ആവശ്യം വരില്ലെന്നും, ഈ വര്‍ഷം തന്നെ നിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നും ബാങ്കിന്റെ നിലപാട് സ്ഥിരീകരിക്കുന്നു. അടുത്ത തീരുമാനം മിക്കവാറും റേറ്റ് വെട്ടിക്കുറയ്ക്കുന്നതായിരിക്കുമെന്ന് ബെയ്ലി സ്‌കൈ ന്യൂസിനോട് പറഞ്ഞു. 2020 മാര്‍ച്ചിന് ശേഷം ആദ്യമായാണ് പലിശ കുറയ്ക്കാന്‍ ഒരംഗം വോട്ട് ചെയ്യുന്നത്. വര്‍ഷത്തിന്റെ പകുതിയോടെ നിരക്ക് കുറയ്ക്കാനുള്ള തീരുമാനങ്ങള്‍ വന്നേക്കുമെന്നാണ് പ്രതീക്ഷ. ഏപ്രില്‍ മാസത്തോടെ വാര്‍ഷിക പണപ്പെരുപ്പം അളക്കുന്ന കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് 2 ശതമാനത്തിലേക്ക് താഴുമെന്ന് ബാങ്കിന്റെ പ്രവചനത്തില്‍ പറയുന്നു. എന്നിരുന്നാലും ഊര്‍ജ്ജ വിലകളുടെ ബലത്തില്‍ ഇത് വീണ്ടും തിരിച്ചുകയറും. ലക്ഷ്യമിട്ട പണപ്പെരുപ്പ നിരക്ക് എത്ര നാള്‍ നിലനില്‍ക്കുമെന്നത് അനുസരിച്ചാണ് പലിശ നിരക്ക് കുറയ്ക്കാനുള്ള നടപടികളിലേക്ക് നീങ്ങുകയെന്ന് ഗവര്‍ണര്‍ സമ്മതിക്കുന്നു. അടിസ്ഥാന നിരക്ക് നിലനിര്‍ത്താന്‍ തീരുമാനിച്ചതോടെ മോര്‍ട്ട്ഗേജ് നിരക്കുകളെ സാരമായി ബാധിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി.