ബാന്ദ്രയിലെ വീട്ടില്‍ വെച്ച് മോഷ്ടാക്കളുടെ കുത്തേറ്റ ബോളീവുഡ് താരം സെയ്ഫ് അലി ഖാനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. താരത്തിന് കുത്തേറ്റ ആറ് മുറിവുകളേറ്റിട്ടുണ്ടെന്നും ഇതില്‍ രണ്ടെണ്ണം ഗുരുതരമാണെന്നും നടന്‍ ചികിത്സയിലുള്ള ലീലാവതി ആശുപത്രി സിഒഒ ഡോ. നീരജ് ഉട്ടാമണി മാധ്യമങ്ങളോട് പറഞ്ഞു.
''വീട്ടില്‍ വെച്ച് അജ്ഞാതനായ മോഷ്ടാവിന്റെ കുത്തേറ്റതിനെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സെയ്ഫിനെ ആശുപത്രിയിലെത്തിക്കുന്നത്. സെയ്ഫിനേറ്റ ആറ് പരിക്കുകകളില്‍ രണ്ടെണ്ണം ഗുരുതരമാണ്. ഒരെണ്ണം നട്ടെല്ലിന് സമീപമാണ്''- അദ്ദേഹം പറഞ്ഞു.
അഞ്ചരയോടെ തുടങ്ങിയ ശസ്ത്രക്രിയ രണ്ടരമണിക്കൂറോളം നീണ്ടു. ന്യൂറോ സര്‍ജനും കോസ്മെറ്റിക്സ് സര്‍ജനും ഉള്‍പ്പെടുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഇത് പൂര്‍ത്തിയായ ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകു'', ഡോ. നീരജ് ഉട്ടാമണി പറഞ്ഞു.
പരസ്യം ചെയ്യല്‍
പുലര്‍ച്ചെ രണ്ടരയോടെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. മോഷ്ടാവ് ഇവിടെ നിന്ന് രക്ഷപ്പെട്ടുവെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ബാന്ദ്ര പൊലീസിന് പുറമെ മുംബൈ ക്രൈം ബ്രാഞ്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതേസമയം, സെയ്ഫ് അലി ഖാനെതിരായുണ്ടായ ആക്രമണത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ് താരങ്ങള്‍. സെലിബ്രിറ്റികളും വിഐപികളും താമസിക്കുന്ന ബാന്ദ്രയിലെ പ്രദേശത്താണ് ആക്രമണമുണ്ടായതെന്നതും ചര്‍ച്ചയാവുന്നുണ്ട്. താരത്തിന്റെ പരിക്കിന്റെ സ്വഭാവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാത്തതും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. |