16 വര്‍ഷങ്ങള്‍ക്ക് ശേഷം അല്ലു അര്‍ജുന്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം 'ആര്യ 2' റീറിലീസിനൊരുങ്ങുന്നു. ഏപ്രില്‍ ആറിനാണ് റീ-റിലീസ്. ആര്യ - സുകുമാര്‍ കൂട്ടുകെട്ടില്‍ 2009-ല്‍ റിലീസിനെത്തിയ ചിത്രം വന്‍ വിജയം നേടിയിരുന്നു. ഇപ്പോഴിതാ തെലുങ്കിലും മലയാളത്തിലുമാണ് ചിത്രം റീറിലീസിനായി ഒരുങ്ങുന്നത്. അല്ലുവിന്റെ മലയാളം മൊഴിമാറ്റ ചിത്രങ്ങള്‍ക്ക് വലിയൊരു കൂട്ടം ആരാധകര്‍ തന്നെ കേരളത്തിലുണ്ട്. ബി.വി.എസ്.എന്‍. പ്രസാദ്, ആദിത്യ ആര്‍ട്‌സ് എന്നീ ബാനറുകളില്‍ ആദിത്യ ബാബുവും ബി.വി.എസ്.എന്‍. പ്രസാദും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം മലയാളത്തിലെ ശ്രദ്ധേയ ബാനറായ E4 എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് വിതരണത്തിനെത്തിക്കുന്നത്. കാജള്‍ അഗര്‍വാള്‍, നവ്ദീപ്, ശ്രദ്ധ ദാസ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.
'ആര്യ' എന്ന ചിത്രത്തിലൂടെയാണ് അല്ലു അര്‍ജുന്‍ ശ്രദ്ധിക്കപ്പെട്ടത്. ഈ സിനിമ തന്നെയായിരുന്നു അല്ലു അര്‍ജുന് ഇത്രയധികം ആരാധകരെ നേടിക്കൊടുത്തതും. തെലുങ്ക് നടനാണെങ്കിലും അല്ലുവിന് കേരളത്തില്‍ നിരവധി ആരാധകരുണ്ട്. അതുപോലെ തന്നെ മലയാളത്തിലെ മൊഴിമാറ്റ ചിത്രങ്ങളുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച സിനിമകളായിരുന്നു അല്ലു അര്‍ജുന്റേത്. അങ്ങനെ അദ്ദേഹം മലയാളികളുടെ സ്വന്തം മല്ലു അര്‍ജുനായി. 2004 ല്‍ പുറത്തിറങ്ങിയ 'ആര്യ' സംവിധാനം ചെയ്തത് അന്ന് നവാഗതനായ സുകുമാറായിരുന്നു. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു നിര്‍മ്മിച്ച ചിത്രത്തില്‍ അല്ലു അര്‍ജുനൊപ്പം അനുരാധ മേത്ത, ശിവ ബാലാജി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. |