കോരി തരിപ്പിക്കാന്‍ 'ബല്ലെറിന': ട്രെയിലര്‍ കണ്ട് അമ്പരന്ന് ആരാധകര്‍
Text By: UK Malayalam Pathram
ജോണ്‍ വിക്ക് സിനിമാറ്റിക്ക് യൂണിവേഴ്സില്‍ നിന്നുമുള്ള മറ്റൊരു ചിത്രമായ 'ഫ്രം ദി വേള്‍ഡ് ഓഫ് ജോണ്‍ വിക്ക് : ബല്ലെറിന' എന്ന ചിത്രത്തിന്റെ അവസാന ട്രെയ്ലര്‍ റിലീസ് ചെയ്തു. അന ഡെ അര്‍മാസ് 'ബല്ലെറിന' എന്ന ഹിറ്റ്-വുമണായി അഭിനയിക്കുന്ന ചിത്രം ആക്ഷന്‍ അഡ്വെഞ്ചര്‍ സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്.
Watch Video Trailer:
ചിത്രത്തില്‍ കീനു റീവ്‌സ് അവതരിപ്പിച്ച ജോണ്‍ വിക്ക് എന്ന ഐതിഹാസിക കഥാപാത്രവും ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ലെന വൈസ്മെന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ജോണ്‍ വിക്ക് സിനിമകളിലെ ഷാരോണ്‍, വിന്‍സ്റ്റണ്‍ സ്‌കോട്ട്, തുടങ്ങിയ കഥാപാത്രങ്ങളും ബല്ലെറിനയില്‍ ഉണ്ടാകും എന്ന് ട്രെയ്ലര്‍ സൂചിപ്പിക്കുന്നുണ്ട്.
ഏറെ ആരാധകരുള്ള 'വോക്കിങ് ഡെഡ്' എന്ന സീരീസിലൂടെ ശ്രദ്ധേയനായ നോര്‍മന്‍ റീഡസും ചിത്രത്തിലൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ''എന്നെ പറ്റി നിങ്ങള്‍ ചിന്തിക്കുമ്പോള്‍, നിങ്ങള്‍ 'തീ'യെ ക്കുറിച്ചും ചിന്തിക്കണം'' എന്ന ബല്ലെറിനയുടെ ഡയലോഗോട് കൂടിയാണ് ട്രെയ്ലര്‍ ആരംഭിക്കുന്നതും, അവസാനിക്കുന്നതും. ഒന്നര മണിക്കൂര്‍ മാത്രമാവും ബല്ലെറിനയുടെ ദൈര്‍ഘ്യം എന്നാണ് റിപ്പോര്‍ട്ടുകള്‍.
അത്യധികം ആപല്‍ക്കരമായ അനവധി സംഘട്ടന രംഗങ്ങള്‍ സാഹസികമായാണ് അന ഡെ അര്‍മാസ് കൈകാര്യം ചെയ്തിരിക്കുന്നത്. ജൂണ്‍ 6ന് ആഗോളതലത്തില്‍ വമ്പന്‍ റിലീസാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.