കൊച്ചി: യുകെയും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ഫലമായി യുകെയില്‍നിന്നുള്ള ആഡംബര കാറുകള്‍ക്ക് വില കുറയുമെങ്കില്‍ അത് പ്രാബല്യത്തിലാകാന്‍ മാസങ്ങള്‍ വേണ്ടിവരും. വ്യാപാര കരാര്‍ വഴി യുകെയില്‍നിന്നുള്ള ആഡംബര കാറുകള്‍ കുറഞ്ഞ വിലയ്ക്ക് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാനാകും. ഇരു രാജ്യങ്ങളും വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഈ മാസം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. കരാര്‍ പ്രകാരം പൂര്‍ണമായി യുകെയില്‍ നിര്‍മിച്ച ആഡംബര വാഹനങ്ങളുടെ ഇറക്കുമതി തീരുവയില്‍ 90 ശതമാനം കുറവ് വരും. 100 ശതമാനത്തില്‍നിന്ന് 10 ശതമാനമായാണ് ഇറക്കുമതി തീരുവ കുറയുന്നത്. ഇതോടെ മുന്തിയ വാഹനങ്ങള്‍ക്ക് 90 ലക്ഷം രൂപ വരെ വിലയില്‍ കുറവുണ്ടാകും.
ഇത് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, റോള്‍സ് റോയ്സ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍, ബെന്റ്ലി, മക്ലാരന്‍ തുടങ്ങിയ ബ്രിട്ടീഷ് ആഡംബര കാറുകള്‍ വാങ്ങുന്നവര്‍ക്ക് വന്‍ നേട്ടമാകും. 2026 ഓഗസ്റ്റോടെ കരാര്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. യുകെ ആസ്ഥാനമായുള്ള ആഡംബര കാറുകള്‍ക്ക് ഇന്ത്യയില്‍ വലിയ തോതിലുള്ള ആവശ്യക്കാരാണുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം 640 കോടി രൂപയുടെ ആഡംബര കാറുകളാണ് യുകെയില്‍നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. ഇതില്‍ 500 കോടിയോളം ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ വിഹിതമാണ്. ഡിഫന്‍ഡര്‍, റേഞ്ച് റോവര്‍ മോഡലുകള്‍ക്കുള്ള ജനപ്രീതിയാണ് കമ്പനിയുടെ വില്‍പ്പന ഉയര്‍ത്തിയത്. 17 വര്‍ഷത്തിനിടയില്‍ ഏറ്റവും വലിയ വാര്‍ഷിക വില്‍പ്പനയാണ് ജാഗ്വാര്‍ ലാന്‍ഡ് റോവറിന് ഇത്തവണയുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 6,183 റീട്ടെയില്‍ യൂണിറ്റുകള്‍ കമ്പനി വിറ്റഴിച്ചു. മൊത്ത വില്‍പ്പന 6,226 യൂണിറ്റിലെത്തി.
വ്യാപാരക്കരാര്‍ വഴി 40 ശതമാനം വിലവ്യത്യാസം വരുമെന്നതിനാല്‍ ഇന്ത്യന്‍ വിപണിയില്‍ കമ്പനിക്ക് കൂടുതല്‍ കാറുകള്‍ വിറ്റഴിക്കാനാകും. ജിഎസ്ടി, ഇറക്കുമതി തീരുവ എന്നിവ മൂലം നിലവില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ മുന്‍നിര എസ്യുവിക്ക് 2.4 കോടി രൂപ വരെ ചെലവിടണം. എഫ്ടിഎ പ്രകാരമുള്ള നിരക്കില്‍ 1.5 കോടിക്കും താഴെയാകും അടിസ്ഥാന വില. നിലവില്‍ വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ ഇറക്കുമതി ചെയ്താണ് (സിബിയു) വില്‍പ്പനയില്‍ മുന്‍നിരയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ വില്‍പ്പന.