|
സുരേഷ് ഗോപിയെ നായകനാക്കി പ്രവീണ്‍ നാരായണന്‍ രചിച്ചു സംവിധാനം ചെയ്ത ''ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള'' എന്ന ചിത്രം ജൂലൈ17 നു ആഗോള റിലീസ്. ഒരു വലിയ ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രം, കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് കോസ്‌മോസ് എന്റര്‍ടൈന്‍മെന്റ് ആണ് നിര്‍മ്മിക്കുന്നത്. അനുപമ പരമേശ്വരന്‍, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നത്.
സുരേഷ് ഗോപിയുടെ 253 മത് ചിത്രമായാണ് ''ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള'' എത്തുന്നത്. സെന്‍സറിങ് പൂര്‍ത്തിയായപ്പോള്‍ യു/എ 16+ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കോര്‍ട്ട് റൂം ഡ്രാമ ആയി ഒരുക്കിയ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം സുരേഷ് ഗോപിയുടെ അതിശക്തമായ പ്രകടനം ആണെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ടീസര്‍ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
സുരേഷ് ഗോപിയുടെ തീപ്പൊരി ഡയലോഗുകളും ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായിരുന്നു ടീസറിന്റെ ഹൈലൈറ്റ്. ശ്കതവും പ്രസക്തവുമായ ഒരു പ്രമേയത്തിന്റെ പശ്ചാത്തലത്തില്‍ കോടതിയില്‍ അരങ്ങേറുന്ന നിയമയുദ്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്ന സൂചനയാണ് ടീസര്‍ നല്‍കിയത്. ആക്ഷന്‍, ഡ്രാമ, ത്രില്‍ എന്നിവക്കൊപ്പം വൈകാരിക നിമിഷങ്ങള്‍ക്കും ചിത്രത്തില്‍ പ്രാധാന്യമുണ്ടെന്ന് ടീസര്‍ കാണിച്ചു തരുന്നു.
അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശര്‍മ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ആഗോള റിലീസായി എത്തുക. |