|
പ്രണയവും വിരഹവും വിഷാദവുമെല്ലാം പെയ്തിറങ്ങിയൊഴുകുന്ന മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ.എസ്. ചിത്രയ്ക്ക് ഇന്ന് 62 വയസ്സ്. 1963 ജൂലൈ 27-ന് തിരുവനന്തപുരത്ത് സംഗീതജ്ഞനായ കൃഷ്ണന്‍ നായരുടെയും സംഗീതാധ്യാപികയായ ശാന്താകുമാരിയുടെയും മകളായി ജനിച്ച ചിത്രയ്ക്ക്, സംഗീതം ജീവവായുവായിരുന്നു. അച്ഛനായിരുന്നു ചിത്രയുടെ ആദ്യ ഗുരു. ഡോക്ടര്‍ കെ. ഓമനക്കുട്ടിയുടെ കീഴില്‍ കര്‍ണാടക സംഗീതവും അഭ്യസിച്ചു. എം.ജി. രാധാകൃഷ്ണനാണ് ആകാശവാണിയിലും പിന്നീട് സിനിമയിലും ചിത്രയെ ആദ്യമായി പാടിച്ചത്. 1979-ല്‍ എം.ജി. രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ ''അട്ടഹാസം'' എന്ന ചിത്രത്തിലെ ''ചെല്ലം ചെല്ലം'' എന്ന ഗാനത്തിലൂടെയാണ് ചിത്രയുടെ ഔദ്യോഗിക ചലച്ചിത്ര സംഗീത ജീവിതം ആരംഭിക്കുന്നത്. ആ പാട്ടിലൂടെ മലയാള സിനിമയില്‍ ഒരു പുതിയ ശബ്ദം പിറവിയെടുക്കുകയായിരുന്നു, പിന്നീട് ആ ശബ്ദം സംഗീത ലോകത്ത് ഒരു വിസ്മയം തീര്‍ത്തു. എം.ജി. രാധാകൃഷ്ണന്‍ സംഗീതം പകര്‍ന്ന 'രജനീ പറയൂ' എന്ന ഗാനമായിരുന്നു ചിത്രയുടെ ആദ്യ സോളോ ഹിറ്റ്. |