|
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ (കെഎഫ്പിഎ) തെരഞ്ഞെടുപ്പിനുള്ള തന്റെ നാമനിര്‍ദ്ദേശ പത്രിക നിരസിച്ചതിനെത്തുടര്‍ന്ന് സാന്ദ്ര തോമസ് (Sandra Thomas) എറണാകുളം സബ് കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി തള്ളി. കെഎഫ്പിഎയുടെ ഭരണ പ്രക്രിയകളില്‍ പക്ഷപാതവും സുതാര്യതയില്ലായ്മയും ആരോപിച്ച്, തന്റെ നാമനിര്‍ദേശപത്രിക നിരസിച്ചതില്‍ സ്റ്റേ ആവശ്യപ്പെടുകയും, വരണാധികാരിയുടെ ദീര്‍ഘകാല കാലാവധിയെ ചോദ്യം ചെയ്യുകയും ചെയ്ത് കൊണ്ടായിരുന്നു സാന്ദ്ര തോമസ് ഹര്‍ജി ഫയല്‍ ചെയ്തത്.
ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയിലേക്കുള്ള പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്കുള്ള സാന്ദ്ര തോമസിന്റെ നാമനിര്‍ദ്ദേശം പത്രികയാണ് നിരസിക്കപ്പെട്ടത്. ആവശ്യമായ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്ന് വരണാധികാരി ചൂണ്ടിക്കാട്ടിയിരുന്നു. കെഎഫ്പിഎ ബൈലോകള്‍ അടിസ്ഥാനമാക്കിയുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ അവര്‍ പാലിച്ചിട്ടുണ്ടെന്നും തീരുമാനം അന്യായമാണെന്നും സാന്ദ്ര വാദിച്ചു.
രണ്ട് പതിറ്റാണ്ടിലേറെയായി വരണാധികാരി ഈ സ്ഥാനത്ത് തുടര്‍ന്നിട്ടുണ്ടെന്നും ഇത് കെഎഫ്പിഎയുടെ ഭരണഘടനാ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും സാന്ദ്ര. കെഎഫ്പിഎയ്ക്കെതിരായ കേസ് പിന്‍വലിക്കാന്‍ മമ്മൂട്ടി തന്നോട് ആവശ്യപ്പെട്ടതായും സാന്ദ്ര തോമസ് അവകാശപ്പെട്ടിരുന്നു. |