|
മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയ്ത ചിത്രം 'സാമ്രാജ്യം' വീണ്ടും തിയറ്ററുകളിലേക്ക്. 4k ഡോള്‍ബി അറ്റ്‌മോസ് പതിപ്പിലാണ് ചിത്രം റിലീസിനായി എത്തുന്നത്.സെപ്റ്റംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
1990 കാലഘട്ടത്തില്‍ വലിയ വിജയം നേടിയ ചിത്രമായിരുന്നു സാമ്രാജ്യം. അലക്സാണ്ടര്‍ എന്ന അധോലോക നായകനെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. അക്കാലത്തെ ഏറ്റവും മികച്ച സ്‌റ്റൈലിഷ് ചിത്രമെന്ന ഖ്യാതിയും ചിത്രം നേടുകയുണ്ടായി. സ്ലോമോഷന്‍ ഏറ്റവും ഹൃദ്യമായ രീതിയില്‍ അവതരിപ്പിച്ച് ചിത്രം കൂടുതല്‍ പ്രേക്ഷക ശ്രദ്ധനേടി. ചിത്രത്തിന്റെ അവതരണഭംഗി സിനിമയെ മലയാളത്തിന് പുറത്ത് വിവിധ ദക്ഷിണേന്ത്യന്‍ ഭാഷകളിലും ബോളിവുഡ്ഡിലും ഏറെ സ്വീകാര്യമാക്കി.
വിവിധ ഭാഷകളില്‍ ഡബ്ബ് ചെയ്യപ്പെടുകയും റീമേക്ക് ചെയ്യപ്പെടുകയും ചെയ്ത ഈ ചിത്രത്തിലൂടെ, മലയാള സിനിമക്ക് അന്യഭാഷകളിലെ മാര്‍ക്കറ്റ് ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്കുണ്ടായി. ഗാനങ്ങളില്ലാതെ ഇളയരാജ പശ്ചാത്തലസംഗീതം മാത്രമൊരുക്കി എന്നതായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.
നായകസ്ഥാനത്ത് ഏറെ തിളങ്ങി നില്‍ക്കുന്ന ഒരു നടന്‍ നെഗറ്റീവ് ഷേഡ് നല്‍കുന്ന ഒരു കഥപാത്രത്തെ ഉള്‍ക്കൊള്ളാന്‍ തന്നെ മടികാണിക്കും. ഈ സമയത്താണ് വേഷഭൂഷാദികളാലും അഭിനയ മികവുകൊണ്ടും ഈ കഥാപാത്രത്തെ അനശ്വരമാക്കി അലക്സാണ്ടര്‍ പലരുടേയും സ്വപ്ന കഥാപാത്രമായി മാറിയത്. അക്കാലത്ത് അലക്സാണ്ടര്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് ഏറെ കൗതുകവും ആവേശവുമായി മാറിയത് ആ കഥാപാത്രത്തിന്റെ അവതരണത്തിലെ വ്യത്യസ്ഥത തന്നെയായിരുന്നു. ജയനന്‍ വിന്‍സന്റ് എന്ന ഛായാഗ്രാഹകന്റെ സംഭാവനയും ഏറെ വലുതായിരുന്നു.
പ്രശസ്ത ഗാന രചയിതാവായ ഷിബു ചക്രവര്‍ത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മമ്മൂട്ടിക്കു പുറമേ മധു, ക്യാപ്റ്റന്‍ രാജു, വിജയരാഘവന്‍ അശോകന്‍, ശ്രീവിദ്യാ, സോണിയ, ബാലന്‍.കെ.നായര്‍, സത്താര്‍, സാദിഖ്, ഭീമന്‍ രഘു , ജഗന്നാഥ വര്‍മ്മ, പ്രതാപചന്ദ്രന്‍, സി.ഐ. പോള്‍, ജഗന്നാഥന്‍, പൊന്നമ്പലം, വിഷ്ണു കാന്ത്, തപസ്യ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തി. |