Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=107.5038 INR
ukmalayalampathram.com
Sun 15th Feb 2026
 
 
UK Special
  Add your Comment comment
കലാമണ്ഡലത്തില്‍ വിരിഞ്ഞ കഥകളി പ്രണയം
reporter

വള്ളത്തോള്‍ നഗര്‍: 1972-ല്‍, വെറും 18 വയസ്സുകാരിയായ ബ്രിട്ടീഷ് യുവതി ബാര്‍ബറ, തന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഒറ്റയ്ക്ക് യുകെയില്‍ നിന്ന് കേരളത്തിലേക്ക് യാത്ര തിരിച്ചു. ബോഡി മേക്കപ്പ് പഠിക്കണമെന്ന ലക്ഷ്യത്തോടെ യൂറോപ്പില്‍ നിന്ന് വാഹനങ്ങള്‍ക്കു കൈകാട്ടി തുര്‍ക്കി, ഇറാന്‍ വഴിയുള്ള മൂന്ന് മാസത്തെ റോഡ് യാത്രയ്‌ക്കൊടുവിലാണ് അവള്‍ കൊച്ചിയിലെത്തിയത്.

രാജസ്ഥാനിലെ വര്‍ണങ്ങളില്‍ ആകൃഷ്ടയായിരുന്നെങ്കിലും, കേരളം ആദ്യം അവളെ അത്ര മോഹിപ്പിച്ചില്ല. നാട്ടിലേക്ക് മടങ്ങാന്‍ ട്രെയിനില്‍ കയറുമ്പോള്‍, ഷൊര്‍ണൂരില്‍ ഇറങ്ങണമെന്ന് കരുതി തെറ്റിദ്ധാരണയില്‍ വള്ളത്തോള്‍ നഗര്‍ സ്റ്റേഷനില്‍ ഇറങ്ങി. വഴിയില്‍ പരിചയപ്പെട്ട കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥികളോടൊപ്പം അവള്‍ കലാമണ്ഡലത്തിലെത്തിയപ്പോള്‍, താന്‍ അന്വേഷിച്ചിരുന്ന സ്ഥലം അതുതന്നെയാണെന്ന് തിരിച്ചറിഞ്ഞു.

കലാമണ്ഡലത്തില്‍ ചുട്ടി പഠിച്ച ആദ്യ വനിതയായ ബാര്‍ബറ, 1974-ല്‍ രണ്ട് വര്‍ഷത്തെ കോഴ്‌സിനായി വീണ്ടും എത്തി. അന്നത്തെ കഥകളി വിദ്യാര്‍ത്ഥിയായിരുന്നു വിജയകുമാര്‍. പഠനം കഴിഞ്ഞ് ബാര്‍ബറ യുകെയിലേക്കു മടങ്ങി. 11 വര്‍ഷത്തിനു ശേഷം ഇരുവരും വീണ്ടും കണ്ടുമുട്ടി. നിരവധി പരിപാടികളില്‍ ഒരുമിച്ച് പങ്കെടുത്തതോടെ ബന്ധം കൂടുതല്‍ ദൃഢമായി.

1989-ല്‍ യുകെയില്‍ വിവാഹിതരായ ഇരുവരും പിന്നീട് വിജയകുമാറിന്റെ നാടായ ചെറുതുരുത്തിയില്‍ താമസം ആരംഭിച്ചു. കലാപ്രവര്‍ത്തനത്തോടൊപ്പം സാമൂഹിക സേവനത്തിലും താല്‍പര്യമുള്ള ബാര്‍ബറ നാട്ടുകാരുടെ പ്രിയങ്കരിയായി. ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ശ്രമിക്കുന്നവരോട് ''മലയാളവും എനിക്കു മനസ്സിലാകും'' എന്ന പുഞ്ചിരിയോടെ മറുപടി പറയുന്ന അവളുടെ സൗഹൃദം എല്ലാവര്‍ക്കും ഹൃദയസ്പര്‍ശിയായി. വേദിയില്‍ വിജയകുമാര്‍ വേഷമണിയുമ്പോള്‍, പിന്നണിയില്‍ ചുട്ടിയൊരുക്കുന്നത് ബാര്‍ബറയാണ്. ഇന്ത്യയിലും വിദേശത്തുമായി അനവധി പരിപാടികള്‍ അവതരിപ്പിച്ച്, കഥകളിയില്‍ വിരിഞ്ഞ അവരുടെ പ്രണയകഥ ഇന്നും തുടരുകയാണ്

 
Other News in this category

 
 




 
Close Window