ലണ്ടന്‍: റമദാനെ വരവേറ്റുകൊണ്ടുള്ള അലങ്കാര വിളക്കുകള്‍ നഗരത്തില്‍ അനാച്ഛാദനം ചെയ്തു. വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ മേയര്‍ സാദിഖ് ഖാന് ഉദ്ഘാടനം നിര്‍വഹിച്ചു. ''നമ്മുടെ നഗരം എങ്ങനെയാണെന്നതിന്റെ അടയാളമാണ് ഈ വിളക്കുകള്‍'' എന്ന് മേയര്‍ അഭിപ്രായപ്പെട്ടു.
അടുത്ത ഒരു മാസത്തേക്ക് നഗരത്തിലെ തെരുവുകള്‍ ഈ ദീപാലങ്കാരത്തില്‍ പ്രകാശിക്കും. ബ്രിട്ടീഷ് മുസ്ലിംകള്ക്ക് സ്കോളര്‍ഷിപ്പുകളും ഗ്രാന്റുകളും നല്കുന്ന ചാരിറ്റി സംഘടനയായ അസീസ് ഫൗണ്ടേഷന് ആണ് സാമ്പത്തിക സഹായം നല്‍കിയത്.
''എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, സ്വാഗതം ചെയ്യുന്ന, എല്ലാ വിഭാഗങ്ങളെയും ആഘോഷിക്കുന്ന നഗരമാണിതെന്ന് അഭിമാനത്തോടെ പറയാം'' എന്ന് സാദിഖ് ഖാന് ചടങ്ങില്‍ പറഞ്ഞു.
മേയറുടെ ഓഫീസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു: ''റമദാന് വിളക്കുകള്‍ വെസ്റ്റ് എന്‍ഡില്‍ വീണ്ടും പ്രകാശിച്ചു. വരും മാസങ്ങളില്‍ ഈ മനോഹരമായ വിളക്കുകള്‍ റമദാന് ആഘോഷിക്കുന്നതിനൊപ്പം, തലസ്ഥാനത്തിന്റെ വൈവിധ്യങ്ങളെ സ്വീകരിക്കുന്ന അഭിമാനകരമായ അടയാളമായി നിലകൊള്ളും.''
ലേബര്‍ മുസ്ലിം നെറ്റ്വര്‍ക്ക് പ്രശംസിച്ചു: ''ബ്രിട്ടണ് എത്രത്തോളം തുറന്നതും, പോസിറ്റീവായതും, സ്നേഹനിര്‍ഭരവുമായ ഒരിടമാണ് എന്ന് ഈ വിളക്കുകള്‍ ലോകത്തിന് കാട്ടിക്കൊടുക്കുന്നു.