Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 05th Oct 2024
 
 
UK Special
  Add your Comment comment
സുനകിന്റെ അമിത ആത്മവിശ്വാസം തിരിച്ചടിയായി, ടോറികള്‍ വേട്ടയാടാന്‍ സാധ്യത
reporter

ലണ്ടന്‍: പ്രവചനങ്ങള്‍ തെല്ലും തെറ്റിയില്ല. യുകെ പൊതുതിരഞ്ഞെടുപ്പില്‍ ഋഷി സുനകിന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഏറ്റുവാങ്ങിയത് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി. 14 വര്‍ഷം നീണ്ട ഭരണം മടുത്ത ജനങ്ങള്‍ പ്രാകിക്കുത്തിയപ്പോള്‍ ടോറികള്‍ ചവിട്ടിനിന്ന ജനകീയാടിത്തറയുടെ മണ്ണൊലിച്ചു പോയി. ശക്തമായ കണ്‍സര്‍വേറ്റീവ് കോട്ടകള്‍ പോലും ജനവികാരത്തില്‍ വീഴുകയോ ആടിയിളകി വിള്ളലുകള്‍ വീഴുകയോ ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 32988 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന മുന്‍ പ്രധാനമന്ത്രി ലിസ് ട്രസ് ഇത്തവണ 630 വോട്ടുകള്‍ക്കു തോറ്റു. കാബിനറ്റ് അംഗങ്ങള്‍ക്കും കാലിടറി. ഈ തോല്‍വി എല്ലാവരും പ്രതീക്ഷിച്ചതു തന്നെ. പക്ഷേ തോറ്റ രീതി ടോറി നേതാക്കളുടെ ഉറക്കം കെടുത്തും. പാര്‍ട്ടിയില്‍ പല തലകളും ഉരുളുക തന്നെ ചെയ്യും. ലേബര്‍ പാര്‍ട്ടിയിലുള്ള പ്രതീക്ഷകളേക്കാള്‍ ടോറികളിലുള്ള നിരാശയാണ് ഈ വന്‍ വിജയത്തിനു പിന്നില്‍. തളികയില്‍വച്ചു നീട്ടിയതുപോലെ അനായാസമാണ് പല മണ്ഡലങ്ങളും ലേബര്‍ പാര്‍ട്ടിക്കൊപ്പം നിന്നത്. ബോറിസ് ജോണ്‍സന്റെയും ലിസ് ട്രസിന്റെയും നിരാശാജനകമായ ഭരണത്തിന്റെ കെടുതികളില്‍ നിന്ന് പുറത്തുകടക്കാന്‍ ഋഷി സുനകിന്റെ നേതൃത്വത്തില്‍ ശ്രമിച്ചെങ്കിലും ജനങ്ങള്‍ക്കു വിശ്വാസമായില്ല. തൊലിപ്പുറത്തുള്ള ചികില്‍സ കൊണ്ടു പരിഹരിക്കാവുന്നതല്ല യുകെയെ അലട്ടുന്ന പ്രശ്‌നങ്ങള്‍. പഴയ പ്രതാപത്തിന്റെ സൂര്യനസ്തമിച്ചത് ഉള്‍ക്കൊള്ളാന്‍ ജനതയ്ക്കായിട്ടില്ല. അഗാധമായ പ്രതിസന്ധിയിലാണ് ബ്രിട്ടിഷ് സമ്പദ് വ്യവസ്ഥ. ഒരു പാര്‍ട്ടിക്കോ നേതാവിനോ എളുപ്പത്തില്‍ രക്ഷപ്പെടുത്താനാകാത്ത ഗുരുതര സ്ഥിതിയുണ്ടെന്നതാണു സത്യം.

ഈ തോല്‍വിയുടെ പാപഭാരത്തില്‍ നിന്നു സുനകിനും കൈകഴുകാനാകില്ല. പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കൈവിടാതെ സൂക്ഷിക്കുക സുനകിനെ സംബന്ധിച്ചിടത്തോളം ദുഷ്‌കരമാകും. തിരഞ്ഞെടുപ്പു പ്രചാരണ തന്ത്രങ്ങള്‍ അമ്പേ പാളിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നു സുനകിന് ഒഴിഞ്ഞുമാറുക എളുപ്പമല്ല. പ്രചാരണവേളയില്‍ത്തന്നെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങളും സ്ഥാനാര്‍ഥികളും പാര്‍ട്ടി വരുത്തിയ തന്ത്രപരമായ പിഴവുകള്‍ തുറന്നു സമ്മതിച്ചിരുന്നു. കെയ്ര്‍ സ്റ്റാര്‍മറിന്റെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി സ്വന്തമാക്കിയത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരഞ്ഞെടുപ്പു വിജയമാണ്. ശക്തമായ പ്രതിപക്ഷമാകാന്‍ പോലുമുള്ള അംഗങ്ങളെ വിജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞില്ലെന്നത് ടോറികളെ നിരന്തരം വേട്ടയാടുക തന്നെ ചെയ്യും. ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷം നേടുന്നത് ജനാധിപത്യത്തിനു ഗുണകരമാകില്ലെന്നുള്ള കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ അതിദയനീയമായ അഭ്യര്‍ത്ഥന പോലും ജനം ചെവിക്കൊണ്ടില്ല. ഫരാജിന്റെ റിഫോം പാര്‍ട്ടിയെ തുടക്കത്തിലേ നിരന്തരം എതിര്‍ക്കാതിരുന്നതും ടോറികള്‍ക്കു പറ്റിയ തന്ത്രപരമായ പിഴവായി. ക്യാംപെയ്ന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിന് ഇക്കാര്യത്തില്‍ പിഴച്ചു.

റിഫോം യുകെയും ഗ്രീന്‍ പാര്‍ട്ടിയും ലിബറല്‍ ഡെമോക്രാറ്റുകളും പിടിച്ച വോട്ടുകള്‍ ടോറികളുടെ വീഴ്ചയ്ക്ക് ആക്കം കൂട്ടി. പ്രത്യേകിച്ചും ഫരാജിന്റെ റിഫോം പാര്‍ട്ടി പലയിടത്തും കണ്‍സര്‍വേറ്റിവ് വോട്ടുകള്‍ ചിതറിച്ചു. വെയ്ല്‍ ഓഫ് ഗ്ലമോര്‍ഗന്‍ പോലുള്ള മണ്ഡലങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ലിബറല്‍ പാര്‍ട്ടിക്ക് അവിടെ യഥാര്‍ത്ഥത്തില്‍ വോട്ടുകള്‍ കുറയുകയായിരുന്നു. എന്നിട്ടും മണ്ഡലം പിടിക്കാനായത് ടോറി വോട്ടുകളില്‍ നല്ലൊരു ഭാഗം റിഫോം പാര്‍ട്ടിയിലേക്ക് ഒഴുകിയ തുകൊണ്ടാണ്. ഇവിടെ ലേബര്‍ പാര്‍ട്ടിക്ക് 38.7 ശതമാനം വോട്ടുകളാണ് കിട്ടിയത്. കണ്‍സര്‍വേറ്റിവുകള്‍ക്ക് 29.5 ശതമാനം. ഇവിടെ റിഫോം പാര്‍ട്ടി പിടിച്ച 15.2 ശതമാനം വോട്ടുകളാണ് വിധി ലേബര്‍ പാര്‍ട്ടിക്ക് അനുകൂലമാക്കിയത്. പക്ഷേ ജനവിധി അസന്ദിഗ്ധമായിരുന്നു. ടോറികളടക്കം ഈ കുത്തിയൊലിച്ചു പോകല്‍ പ്രതീക്ഷിച്ചിരുന്നു. തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്തോറും കണ്‍സര്‍വേറ്റിവുകള്‍ ചിത്രത്തിലേ ഇല്ലാത്ത വിധം പിന്നോട്ടേക്കു പോകുകയായിരുന്നു.

ലേബര്‍ പാര്‍ട്ടിക്കു ബ്ലാങ്ക് ചെക്ക് വച്ചുനീട്ടരുതെന്ന സുനകിന്റെ അഭ്യര്‍ഥന പോലും മുന്‍കൂര്‍ ജാമ്യമെടുക്കലായി. മിക്കവാറും മണ്ഡലങ്ങളില്‍ നല്ലൊരു മത്സരം പോലും കാഴ്ചവയ്ക്കാന്‍ സുനകിന്റെ പാര്‍ട്ടിക്കായില്ല. വിശ്വസ്തനായ ഐസക് ലെവിഡോയുടെ ഉപദേശം പോലും മറികടന്നു തിരഞ്ഞെടുപ്പിലേക്കു നീങ്ങിയ സുനകിന്റെ അമിത ആത്മവിശ്വാസം കനത്ത തിരിച്ചടിയായി. എന്താണു വരാനിരിക്കുന്നതെന്നു പാര്‍ട്ടി നേതാക്കള്‍ക്കു തന്നെ കൃത്യമായ ധാരണയുണ്ടായിരുന്നു. വിലപ്പെരുപ്പത്തെ ഒരളവോളം മെരുക്കാനായതു തനിക്കു തുണയാകുമെന്ന പ്രതീക്ഷയിലാണു സുനക്ക് തിരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള തീരുമാനമെടുത്തത്. എന്നാല്‍ ഈ നീക്കത്തിലേക്കു നയിച്ച വിലയിരുത്തലുകള്‍ പാടേ പിഴവുകള്‍ നിറഞ്ഞതായിരുന്നെന്നു വ്യക്തമായിരുന്നു.

ജെറമി കോര്‍ബിന്റെ പിന്‍ഗാമിയായി ലേബര്‍ പാര്‍ട്ടിയുടെ തലപ്പത്തേക്കുവന്ന കെയ്ര്‍ സ്റ്റാര്‍മര്‍ സുനകിനെപ്പോലെ വലിയ പ്രാദേശികമായി മികച്ച പ്രകടനം നടത്തുകയും ജനകീയാടിത്തറ ഉറപ്പിക്കുകയും ചെയ്ത ടോറി സ്ഥാനാര്‍ഥികള്‍ക്കു പോലും ഈ ചുഴലിയില്‍ അടിതെറ്റി. രാജ്യത്തെ ഭരണമാറ്റത്തിനാണു ജനങ്ങള്‍ വോട്ടു ചെയ്തത്. ദേശീയതലത്തിലെ മങ്ങിയ പ്രതിഛായയും പ്രചാരണത്തിലെ പാളിച്ചകളും ടോറികള്‍ക്കു വിനയായി. പ്രചാരണത്തിനു ചെലവഴിക്കാന്‍ ആവശ്യത്തിനു തുകയില്ലാതെ പല സ്ഥാനാര്‍ഥികളും കുഴങ്ങുന്ന സ്ഥിതിയുണ്ടായി. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തില്‍പോലും പിന്നിലായി.

ലേബര്‍ പാര്‍ട്ടി മുന്നോട്ടുവച്ച വാഗ്ദാനങ്ങളില്‍ വിശ്വസിക്കുകയല്ലാതെ മറ്റൊരു ബദല്‍ ജനങ്ങള്‍ക്കു മുന്നിലുണ്ടായിരുന്നില്ല. അധികാരത്തില്‍ നിന്ന് അകന്നു നിന്ന കാലം ലേബര്‍ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പരിശോധനകളുടെയും നയ പുനരാലോചനകളുടെയും കാലമായിരുന്നു. മറ്റൊരു തോല്‍വികൂടി താങ്ങാനാകില്ലെന്ന തിരിച്ചറിവില്‍ പാര്‍ട്ടി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ജനങ്ങളിലേക്ക് ഇറങ്ങുകയും അവരുടെ രോഷാകുലതകളെ കൃത്യമായി അഭിസംബോധന ചെയ്യുകയും ചെയ്തു. ലേബര്‍പാര്‍ട്ടിക്കു 'സൂപ്പര്‍മെജോറിറ്റി' നല്‍കരുതെന്ന സുനകിന്റെ വാക്കുകളെ വന്‍ ഭൂരിപക്ഷത്തിനു യുകെ തള്ളിയിരിക്കുന്നു. ഏക പാര്‍ട്ടി ഭരണത്തിന്റെ പരിമിതികളും പ്രതിസന്ധികളും വൈകിയാണെങ്കിലും യുകെ തിരിച്ചറിഞ്ഞിരിക്കുന്നു. ആവേശപൂര്‍വം ക്രീസിനു പുറത്തേക്കു ചാടിയിറങ്ങിയ ഋഷി സുനകിന്റെ കുറ്റി യുകെ തെറിപ്പിച്ചിരിക്കുന്നു. ഇനി കെയ്ര്‍ സ്റ്റാര്‍മറിന്റെ കാലം. വ്യക്തി പരിവേഷമോ പോപ് സ്റ്റാറുകളുടേതു പോലെ താരപദവിയോ ഉള്ള ആളല്ലെങ്കിലും കൂടുതല്‍ സ്ഥിരതയുള്ള, സന്തുലിതമായ രാഷ്ട്രീയ തീരുമാനങ്ങളെടുക്കാന്‍ ശേഷിയുള്ള നേതാവായി ജനങ്ങള്‍ കരുതിയെന്നാണ് ഈ ചരിത്രവിജയം തെളിയിക്കുന്നത്. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ പരിതാപകരമായ പോക്കില്‍ മനസ്സുമടുത്ത് ലേബര്‍ പാര്‍ട്ടിയോട് രാഷ്ട്രീയാഭിമുഖ്യം പ്രകടിപ്പിക്കാന്‍ തുടങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങളും കാര്യമായി നടത്തിയില്ല.

 
Other News in this category

 
 




 
Close Window