|
യുകെയിലെ പ്രമുഖ ശ്രീനാരായണ പ്രസ്ഥാനമായ 'സേവനം യുകെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഷെഫീല്‍ഡിലേക്കും വ്യാപിപ്പിക്കുന്നു. യുകെയിലെ ശിവഗിരി ആശ്രമത്തിന്റെ ആത്മീയ സാരഥ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പുതിയ യൂണിറ്റ് രൂപീകരിക്കുന്നതിലൂടെ ഷെഫീല്‍ഡിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസി മലയാളി സമൂഹത്തിന് പുതിയൊരു ആത്മീയ-സാംസ്‌കാരിക ഉണര്‍വ്വ് നല്‍കാനാണ് ലക്ഷ്യമിടുന്നത്.
ശ്രീനാരായണ ഗുരുദേവന്‍ വിഭാവനം ചെയ്ത 'വിദ്യ കൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക' എന്ന ദര്‍ശനം മുന്‍നിര്‍ത്തിയാണ് പുതിയ യൂണിറ്റിന്റെ പ്രവര്‍ത്തനം. പ്രവാസലോകത്ത് ഗുരുദേവ ധര്‍മ്മം പ്രചരിപ്പിക്കുന്നതിനൊപ്പം സാമൂഹിക നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും ഈ മുന്നേറ്റം വഴിതുറക്കും.
യുകെയിലെ ശിവഗിരി ആശ്രമത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം പ്രാര്‍ത്ഥനാ യോഗങ്ങളും സത്സംഗങ്ങളും, സ്ത്രീ ശാക്തീകരണത്തിനായി സേവനം യു.കെ'യുടെ വനിതാ വിഭാഗമായ ഗുരുമിത്ര, യുവതി യുവാക്കളുടെ സര്‍ഗ്ഗാത്മകവും സാമൂഹികവുമായ ഉന്നമനത്തിനായി യുവധര്‍മ്മ സേന, കുട്ടികളില്‍ ഗുരുദേവ ദര്‍ശനങ്ങളും മൂല്യങ്ങളും വളര്‍ത്തുന്നതിനുള്ള പ്രത്യേക വിഭാഗമായ ബാലദീപം കൂടാതെ, സമൂഹത്തിലെ പിന്നോക്കം നില്‍ക്കുന്നവരെയും അവശത അനുഭവിക്കുന്നവരെയും സഹായിക്കുന്നതിനായി വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഷെഫീല്‍ഡ് യൂണിറ്റ് നേതൃത്വം നല്‍കും.
ഷെഫീല്‍ഡിലെ ശ്രീനാരായണ വിശ്വാസികളെ ഒരേ കുടക്കീഴില്‍ അണിനിരത്തുന്നത് പ്രവാസി സമൂഹത്തിന് വലിയ ആത്മീയ കരുത്ത് പകരുമെന്ന് സംഘടനയുടെ നേതൃത്വം അറിയിച്ചു. യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടന തീയതിയും ഭാരവാഹികളുടെ പട്ടികയും വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സജിമോന്‍ ദിവാകരന്‍: 07838480029
ബിന്ദുമോള്‍ ശ്രീകുമാര്‍: 07733372457
വിപിന്‍ കുമാര്‍: 07799249743
ഗണേഷ് ശിവന്‍: 07405513236 |