ലണ്ടന്‍: മാറുന്ന കാലത്തിനനുസരിച്ച് കുറ്റകൃത്യങ്ങളെ നേരിടാന്‍ ഡിജിറ്റല്‍ സംവിധാനങ്ങളിലേക്ക് മാറുന്നതിനായി യുകെ പൊലീസ് സംവിധാനത്തില്‍ വന്‍ പരിഷ്കാരങ്ങള്‍ വരുത്തുമെന്ന് ഹോം സെക്രട്ടറി പ്രഖ്യാപിച്ചു. നിലവിലുള്ള 43 പൊലീസ് സേനകളുടെ എണ്ണം കുറച്ച് സേവനങ്ങളെ കൂടുതല്‍ ഏകോപിപ്പിക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
പൊലീസ് വാച്ച് ലിസ്റ്റിലുള്ള കുറ്റവാളികളെ പിടികൂടാനും കാണാതായവരെ കണ്ടെത്താനും സഹായിക്കുന്ന ലൈവ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ (LFR) വാനുകളുടെ എണ്ണം 10ല്‍ നിന്ന് 50 ആയി ഉയര്‍ത്തും. ഇവ ദേശീയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും പ്രവര്‍ത്തിക്കുക.
'ബ്രിട്ടിഷ് എഫ്ബിഐ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാഷനല്‍ പൊലീസ് സര്‍വീസ് (NPS) രൂപീകരിക്കും. നാഷനല്‍ ക്രൈം ഏജന്‍സി (NCA), കൗണ്ടര്‍ ടെറര്‍ പൊലീസിങ്, നാഷനല്‍ പൊലീസ് എയര്‍ സര്‍വീസ് എന്നിവയെല്ലാം ഇതിന്റെ കീഴിലായിരിക്കും പ്രവര്‍ത്തിക്കുക. 2029-ഓടെ 13,000 അധിക നേബര്ഹുഡ് പൊലീസ് ഓഫിസര്‍മാരെ സേനയില്‍ ഉള്‍പ്പെടുത്തും. സൈബര്‍ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും നേരിടാന്‍ ഡിജിറ്റല്‍ ഫൊറന്‍സിക് വിദഗ്ധരെയും നിയമിക്കും.
പൊലീസ് ഉദ്യോഗസ്ഥരെ ഫയല്‍ ജോലികളില്‍ നിന്ന് മോചിപ്പിച്ച് നേരിട്ടുള്ള കുറ്റാന്വേഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്നതിനായി 140 ദശലക്ഷം പൗണ്ടിലധികം നിക്ഷേപം നടത്തും. ഉദ്യോഗസ്ഥരുടെ നിലവാരം മെച്ചപ്പെടുത്താനും പൊതുജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കാനും എല്ലാ ഓഫിസര്‍മാര്‍ക്കും പുതിയ 'ലൈസന്‍സ് ടു പ്രാക്ടീസ്' സംവിധാനം ഏര്‍പ്പെടുത്തും. ദേശീയതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുള്ള പ്രത്യേക ചട്ടക്കൂടും നിലവില്‍ വരും.
''കുറ്റകൃത്യങ്ങളുടെ രീതികള്‍ മാറിയിരിക്കുന്നു, എന്നാല്‍ പൊലീസ് സേനകള്‍ അതിനനുസരിച്ച് മാറിയിട്ടില്ല. തട്ടിപ്പുകാരും സംഘടിത കുറ്റവാളികളും ഡിജിറ്റല്‍ യുഗത്തില്‍ പൊലീസിനെ വെല്ലുവിളിക്കുകയാണ്. അത് നേരിടാന്‍ പൊലീസ് സേനയ്ക്ക് പുതിയ രൂപവും ഭാവവും നല്‍കുകയാണ് ലക്ഷ്യം,'' എന്ന് ഹോം സെക്രട്ടറി ഷബാന മഹ്മൂദ് വ്യക്തമാക്കി.
എന്നാല്‍ സര്‍ക്കാരിന്റെ നീക്കത്തെ ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫില്പ് വിമര്‍ശിച്ചു. പൊലീസ് സേനകളുടെ ലയനം ഉദ്യോഗസ്ഥരെ ജനങ്ങളില്‍ നിന്ന് അകറ്റുമെന്നും ലേബര്‍ സര്‍ക്കാര്‍ പൊലീസുകാരുടെ എണ്ണം കുറയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ചെറിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ താഴെയുള്ള ജയില്‍ ശിക്ഷ ഒഴിവാക്കാനുള്ള നീക്കം വിനാശകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍പിഎസ് രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം