ഡബ്ലിന്‍: അയര്‍ലണ്ടിന്റെ തെക്കുകിഴക്കന്‍ മേഖലകളില്‍ അടുത്ത ദിവസങ്ങളില്‍ വീണ്ടും പ്രളയ ഭീഷണി ശക്തമായേക്കാമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ഡബ്ലിന്‍ മുതല്‍ വാട്ടര്‍ഫോര്‍ഡ് വരെയുള്ള കൗണ്ടികളില്‍ ലഭിക്കുന്ന അധിക മഴ നദികളിലെ ജലനിരപ്പ് അപകടകരമായി ഉയര്‍ത്തുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
കാര്‍ലോ, ഡബ്ലിന്‍, കില്‍ക്കെന്നി, ലൗത്ത്, വെക്സ്ഫോര്‍ഡ്, വിക്ലോ, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളില്‍ ഇന്ന് രാവിലെ മുതല്‍ അര്‍ധരാത്രി വരെ സ്റ്റാറ്റസ് യെലോ മഴ മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ട്. തുടര്‍ച്ചയായി പെയ്യുന്ന മഴ മൂലം നദികള്‍ നിറഞ്ഞുകവിഞ്ഞ നിലയിലായതിനാല്‍ പ്രാദേശിക വെള്ളക്കെട്ടുകളും യാത്രാ തടസ്സങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
സ്റ്റോം 'ചന്ദ്ര'യുടെ പിന്നാലെ ആരംഭിച്ച മഴ ഏഴ് ദിവസത്തോളം തുടരുന്നതോടെയാണ് നിലവിലെ പ്രളയാവസ്ഥ രൂക്ഷമായതെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ഇന്നത്തെ മഴ നിര്‍ണായകമാകുമെന്നും പ്രത്യേകിച്ച് ഉച്ചയ്ക്കുശേഷം ലഭിക്കാനിരിക്കുന്ന ശക്തമായ മഴയെക്കുറിച്ച് ഗുരുതര ആശങ്കയുണ്ടെന്നും അറിയിച്ചു.
വാരാന്ത്യം മുഴുവന്‍ സ്ലാനി നദി, എന്നിസ്കോര്തി പ്രദേശങ്ങളില്‍ പ്രളയഭീഷണി ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് വെക്സ്ഫോര്‍ഡ് കൗണ്ടി കൗണ്‍സില്‍ മുന്നറിയിപ്പ് നല്കി. നദീതീരപ്രദേശങ്ങളിലെ മണ്ണ് പൂര്‍ണമായി നനഞ്ഞതിനാല്‍ ചെറിയ തോതിലുള്ള അധികമഴ പോലും വെള്ളപ്പൊക്കത്തിന് കാരണമാകാമെന്നാണ് വിലയിരുത്തല്‍.
ജനുവരി 22 മുതല്‍ 28 വരെ കൗണ്ടിയില്‍ 79.6 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കേടുപാടുകള്‍ സംഭവിച്ച റോഡുകളും പൈപ്പുകളും മാന്‍ഹോളുകളും അറ്റകുറ്റപ്പണി നടത്തി വരികയാണെന്നും വ്യക്തമാക്കി. ബന്‍ക്ലോഡി, എന്നിസ്കോര്തി മേഖലകളിലെ താമസക്കാരും വ്യാപാര സ്ഥാപനങ്ങളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലും സമാന മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഉയര്‍ന്ന നദിജലനിരപ്പും നനഞ്ഞ നിലയും കാരണം ചില പ്രദേശങ്ങളില്‍ ഗതാഗത തടസ്സങ്ങള്‍ ഉണ്ടാകാമെന്ന് അധികൃതര്‍ അറിയിച്ചു. റോഡ് സുരക്ഷാ അതോറിറ്റി വാഹനയാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
ദേശീയ അടിയന്തര കോ-ഓര്‍ഡിനേഷന്‍ ഗ്രൂപ്പ് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ആഴ്ചയിലും പ്രളയ ഭീഷണി തുടരാന്‍ സാധ്യതയുണ്ടെന്ന് ചെയര്മാന് കിത്ത് ലിയോണാര്‍ഡ് അറിയിച്ചു