ലണ്ടന്‍: യുകെയിലെ നാഷനല്‍ ലോട്ടറിയുടെ നടത്തിപ്പ് ഇനി മുതല്‍ പുതിയ കമ്പനിക്ക്. യുകെയില്‍ നാഷനല്‍ ലോട്ടറി വില്‍പ്പന ആരംഭിച്ച് ആദ്യമായാണ് നടത്തിപ്പുകാര്‍ മാറുന്നത്. ലോട്ടറി വില്പന ആരംഭിക്കുമ്പോള്‍ കാംലോട്ട് യുകെ ആയിരുന്നു നടത്തിപ്പുകാര്‍. എന്നാല്‍ വില്പന കുറയുന്നുവെന്ന യുകെ ഗാംബ്ലിങ് കമ്മീഷന്റെ നിരീക്ഷണത്തെ തുടര്‍ന്നാണ് കാംലോട്ട് യുകെയില്‍ നിന്നും നടത്തിപ്പ് ചുമതല ആല്‍വിന്‍ യുകെയ്ക്ക് നല്‍കിയത്. ആല്‍വിന്‍ യുകെ നടത്തിപ്പ് ചുമതല ഏറ്റെടുത്തതിനാല്‍ ടിക്കറ്റ് വില ഒരു പൗണ്ട് ആക്കുവാന്‍ നീക്കം ഉണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍.നിലവില്‍ 1 മുതല്‍ 2.50 പൗണ്ട് വരെയാണ് വിവിധ ലോട്ടറികളുടെ വില. സ്‌ക്രാച്ച് ആന്‍ഡ് വിന്‍ പേപ്പര്‍ ലോട്ടറികള്‍ക്ക് 1 മുതല്‍ 5 പൗണ്ട് വരെയും വിലയുണ്ട്.
വില കുറയ്ക്കുന്നതിനൊപ്പം പുതിയ ഗെയിമുകള്‍ കൊണ്ടു വരുമെന്നും പുതിയ ലോട്ടറി നടത്തിപ്പ് കമ്പനി സൂചന നല്‍കുന്നുണ്ട്. 2012 മുതല്‍ യുകെയില്‍ ലോട്ടറി എടുക്കുന്നവരുടെ എണ്ണം 80 ലക്ഷത്തോളം കുറഞ്ഞപ്പോഴാണ് ലോട്ടറി നടത്തിപ്പിന്റെ ചുമതല മാറിയത്. ലോട്ടറി നടത്തിപ്പിന്റെ ചുമതല മാറ്റം 1990 കളിലെ ലോട്ടറിയുടെ പഴയ സുവര്‍ണ്ണകാലത്തേക്ക് തിരികെ എത്തിക്കുമെന്ന് ആല്‍വിന്‍ യുകെ അവകാശപ്പെട്ടു. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ നടക്കുന്ന വ്യക്തിഗത ഗെയിമുകളായ സെറ്റ് ഫോര്‍ ലൈഫ്, ലോട്ടോ തുടങ്ങിയവയുടെവില്പനയ്ക്ക് നാഷനല്‍ ലോട്ടറി കൂടുതല്‍ പ്രാധാന്യം നല്‍കും. നിലവില്‍ 1.50, 2 പൗണ്ടുകള്‍ വീതമാണ് ഇവയുടെ വില. പുതിയ മാറ്റങ്ങളുടെ ഭാഗമായി ഓണ്‍ലൈന്‍ വഴിയും ലോട്ടറി വില്പന കേന്ദ്രങ്ങളില്‍ നിന്നും ഒരാള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ടിക്കറ്റുകളുടെ എണ്ണത്തില്‍ പരിധി ഏര്‍പ്പെടുത്തും. നാഷനല്‍ ലോട്ടറി വഴി ചൊവ്വ, വെള്ളി ദിവസങ്ങളില്‍ 2.50 പൗണ്ട് വില വരുന്ന യൂറോ മില്യന്‍ ലോട്ടറിയും വില്പനയുണ്ട്. ഇവയില്‍ മാറ്റം ഉണ്ടാകുമോയെന്ന് ആല്‍വിന്‍ യുകെ അറിയിച്ചിട്ടില്ല.