ലണ്ടന്‍: ആശ്രിതരെ കൊണ്ടുവരുന്നതിനുള്ള വരുമാന പരിധി ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടി വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. കുടിയേറ്റ നിയന്ത്രണമെന്ന പേരില്‍ കൊണ്ടുവന്ന നീക്കം നിരവധി കുടുംബത്തിന് തിരിച്ചടിയാകുകയാണ്. നെറ്റ് ഇമിഗ്രേഷന്‍ നിരക്ക് കുറച്ചു കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ്സര്‍ക്കാര്‍, ബ്രിട്ടനിലെത്തുന്ന വിദേശ തൊഴിലാളികള്‍ക്ക് ആശ്രിതരെ കൂടെ കൊണ്ടു വരുന്നതിനുള്ള മിനിമം വേതനത്തിന്റെ പരിധി ഉയര്‍ത്തിയത്. അതിനു പുറമെ സ്‌കില്‍ഡ് വര്‍ക്കര്‍ വിസ ലഭിക്കണമെങ്കില്‍ ആവശ്യമായ മിനിമം വേതനവും കൂട്ടി. സ്‌കില്‍ വര്‍ക്കര്‍ വിസയ്ക്ക് 26200 പൗണ്ടെന്നത് 38700 പൗണ്ടാക്കി. ഏപ്രില്‍ 4ന് ഇതു നിലവില്‍ വരും. വിദേശ തൊഴിലാളികള്‍ക്ക് ആശ്രിതരെ കൊണ്ടു വരുന്നതിനുള്ള മിനിമം വേതനത്തിലെ വര്‍ദ്ധനവ് ഏപ്രില്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരും.
ഏപ്രില്‍ 11 മുതല്‍, വിദേശ തൊഴിലാളികള്‍ക്ക് ബ്രിട്ടനില്‍ കുടുംബസമേതം താമസിക്കണമെങ്കില്‍ ചുരുങ്ങിയത് 29,000 പൗണ്ട് ശമ്പളം വേണ്ടി വരും. നേരത്തെ ഇത് 18,600 പൗണ്ട് മാത്രമായിരുന്നു. കടുത്ത പ്രതിഷേധം ഉയരുകയാണ്. ചേഞ്ച് ഡോട്ട് ഓര്‍ഗിലെ ഒരു പരാതിയില്‍ ഇതുവരെ 92,500 ആളുകള്‍ ഒപ്പിട്ടു കഴിഞ്ഞു. അതുപോലെ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ വന്ന, സര്‍ക്കാരിന്റെ പുതിയ വിസ നയം തികച്ചും മനുഷ്യത്വ രഹിതമായ ഒന്നാണെന്ന് വിശേഷിപ്പിക്കുന്ന പരാതിയില്‍ ഇതുവരെ 48,000 ല്‍ അധികം ആളുകള്‍ ഒപ്പിട്ടു കഴിഞ്ഞു. പ്രസ്തുത പരാതിയില്‍ 1 ലക്ഷം ഒപ്പുകള്‍ ലഭിച്ചാല്‍ അത് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നതിനായി പരിഗണിക്കും. കുടുംബത്തെ കൂടെ കൂട്ടാന്‍ കഴിയാതെ വരുന്നത് പലരേയും വിഷമിപ്പിക്കുകയാണ്. വേതനത്തിന്റെ തോത് നോക്കി കടുത്ത സമ്മര്‍ദ്ദമാണ് ഇതു സൃഷ്ടിക്കുന്നത്.