|
യുകെയിലെ പ്രധാന യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷന്‍ വ്യവസ്ഥകളില്‍ അട്ടിമറിയെന്നു റിപ്പോര്‍ട്ട്. റിക്രൂട്ട്‌മെന്റ് നടപടികള്‍ പുനഃപരിശോധിക്കുമെന്ന് വൈസ് ചാന്‍സലര്‍മാര്‍. അഡ്മിഷന്‍ നടത്താനുള്ള നടപടികള്‍ ലളിതമാക്കി പ്രവേശനം എളുപ്പാക്കുന്നുവെന്നാണ് ആരോപണം. യുകെയിലെ യൂണിവേഴ്‌സിറ്റികളെ പ്രതിനിധീകരിക്കുന്ന യൂണിവേഴ്‌സിറ്റീസ് യു കെ യാണ് ഇക്കാര്യം അറിയിച്ചത്. വിദേശങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായി നിയമിച്ചിരിക്കുന്ന ഏജന്റുമാരുടെ പ്രവര്‍ത്തികള്‍ ഉള്‍പ്പടെയുള്ളവ അന്വേഷണ പരിധിയില്‍ വരും.
റിക്രൂട്ട്‌മെന്റ് ഏജന്റുമാരുടെ പ്രവര്‍ത്തന രീതികള്‍, ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ പ്രോഫ്രാമുകള്‍ എന്നിവയ്‌ക്കൊപ്പം യൂണിവേഴ്‌സിറ്റി പ്രവേശനത്തിന് അടിസ്ഥാനമായ കോഡ് ഓഫ് പ്രാക്ടീസും വിശകലനത്തിന് വിധേയമാക്കും. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി വിദേശ വിദ്യാര്‍ത്ഥികളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയരുകയാണെന്ന് പറഞ്ഞ യൂണിവേഴ്‌സിറ്റീസ് യു കെ വക്താവ് പക്ഷെ പല റിപ്പോര്‍ട്ടുകളിലും തെറ്റായ വസ്തുതകളായിരുന്നു ഉണ്ടായിരുന്നത് എന്നും വ്യക്തമാക്കി. എന്നിരുന്നാലും, വിദ്യാര്‍ത്ഥികളുടേയും, മാതാപിതാക്കളുടെയും, സര്‍ക്കാരിന്റെയും സംശയങ്ങള്‍ ദൂരീകരിച്ച്, ഈ സിസ്റ്റം പിഴവറ്റതാണെന്നും, സുതാര്യമാണെന്നും ബോദ്ധ്യപ്പെടുത്തേണ്ടതുണ്ടെന്നും വക്താവ് അറിയിച്ചു.
യു കെ വിദ്യാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ ഫീസ് നല്‍കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി പ്രവേശന മാനദണ്ഡങ്ങള്‍ പലതിലും യൂണിവേഴ്‌സിറ്റികള്‍ ഇളവുകള്‍ നല്‍കുന്നു എന്നായിരുന്നു ആരോപണം ഉയര്‍ന്നത്. |