ലണ്ടന്‍: വിദൂര വിദ്യാഭ്യാസം എന്ന് നമ്മള്‍ പൊതുവെ കേള്‍ക്കാറുണ്ട്. എന്നാല്‍ വിദൂര ജോലി എന്നതിനെ കുറിച്ച് അത്ര കേട്ടുകേള്‍വി കാണില്ല. റിമോട്ട് ജോലി സാധാരണ കാര്യമാണെങ്കിലും എന്‍എച്ച്എസ് പോലുള്ള ആരോഗ്യ സേവനങ്ങളില്‍ ഇത് ഉപയോഗിക്കപ്പെട്ടാല്‍ രോഗികളുടെ അവസ്ഥ എന്താകും? ഈ ദുരവസ്ഥയ്ക്ക് എന്‍എച്ച്എസ് കൂട്ടുനില്‍ക്കുന്നുവെന്നാണ് ഇപ്പോഴത്തെ ആരോപണം. സീനിയര്‍ കണ്‍സള്‍ട്ടന്റുമാരും, മാനേജര്‍മാരും ഉള്‍പ്പെടെ നൂറുകണക്കിന് ജോലിക്കാരെ ആയിരക്കണക്കിന് മൈല്‍ അകലെ നിന്നും ജോലി ചെയ്യാന്‍ അനുവദിച്ച് എന്‍എച്ച്എസ് രോഗികളുടെ ജീവന്‍ അപകടത്തിലാക്കുകയാണെന്നാണ് ആരോപണം. എല്ലാ തലത്തിലുമുള്ള ജീവനക്കാരും ഓസ്ട്രേലിയ മുതല്‍ ജപ്പാന്‍ വരെയുള്ള വിദൂര സ്ഥലങ്ങളില്‍ നിന്നും എന്‍എച്ച്എസിനായി ജോലി ചെയ്യുന്നുവെന്ന് മെയില്‍ അന്വേഷണം കണ്ടെത്തി.
ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത, അപകടകരമായ സംവിധാനം രോഗികളുടെ സുരക്ഷയെ ഭീഷണിയിലാക്കുന്നുവെന്നാണ് വിമര്‍ശകരുടെ പക്ഷം. ജീവനക്കാരെ വിദേശത്ത് നിന്നും ജോലി ചെയ്യാന്‍ അനുവദിക്കുന്നത് വലിയ പിഴവാണെന്ന് ലോകാരോഗ്യ സംഘടനയിലെ ക്യാന്‍സര്‍ പ്രോഗ്രാം മുന്‍ ഡയറക്ടര്‍ പ്രൊഫ. കരോള്‍ സികോരാ പറഞ്ഞു. ഇത് രോഗികളുടെ സുരക്ഷയെ മാത്രമല്ല, ചികിത്സയുടെ ഫലത്തെയും ബാധിക്കും, അദ്ദേഹം ചൂണ്ടിക്കാണിച്ചു. 33 ട്രസ്റ്റുകളില്‍ നിന്നായി ചുരുങ്ങിയത് 335 എന്‍എച്ച്എസ് ജീവനക്കാരെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിദേശത്ത് നിന്നും ജോലി ചെയ്യാന്‍ അനുവദിച്ചതായി വിവരാവകാശ അപേക്ഷകള്‍ പ്രകാരം തെളിയിക്കുന്നു. വര്‍ഷത്തില്‍ 126,000 പൗണ്ട് അടിസ്ഥാന ശമ്പളം വാങ്ങുന്ന കണ്‍സള്‍ട്ടന്റുമാര്‍ വരെ ഇതില്‍ വരും. എന്നാല്‍ ഇതിലേറെ എന്‍എച്ച്എസ് ജീവനക്കാര്‍ വിദേശത്ത് നിന്നും ജോലി ചെയ്യുന്നുവെന്നാണ് കരുതുന്നത്. 200 ട്രസ്റ്റുകള്‍ വിവരാവകാശ അപേക്ഷയില്‍ പ്രതികരിച്ചില്ല.