ലണ്ടന്‍: ലേബര്‍ ഗവണ്‍മെന്റ് രൂപീകരിച്ചാല്‍ 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എനര്‍ജി ഡ്രിങ്കുകള്‍ വാങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപനം. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താന്‍ ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. കഫീന്‍ ഉള്‍പ്പെടുന്ന പാനീയങ്ങള്‍ സംബന്ധിച്ച് മെഡിക്കല്‍ പ്രൊഫഷണലുകള്‍ ആശങ്ക രേഖപ്പെടുത്തുമ്പോഴാണ് ഇത്. അതേസമയം പദ്ധതി ഔദ്യോഗിക പാര്‍ട്ടി നയമാകാന്‍ കീര്‍ സ്റ്റാര്‍മറുടെ ഓഫീസ് ഇത് അംഗീകരിക്കണം. ജനങ്ങളുടെ എല്ലാ വിഷയങ്ങളിലും ഇടപെടുന്നുവെന്ന വിമര്‍ശനം ഒഴിവാക്കാനാണ് ശ്രമമെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. ഏറ്റവും പുതിയ പഠനങ്ങള്‍ പ്രകാരം എനര്‍ജി ഡ്രിങ്ക് ഉപയോഗിക്കുന്ന കുട്ടികളില്‍ അമിത ഭാരവും, ഹൃദയാരോഗ്യ പ്രശ്നങ്ങളും നേരിടുന്നുവെന്നാണ് കണ്ടെത്തല്‍.
ഗവണ്‍മെന്റ് നടത്തിയ പഠനത്തില്‍ യുകെയില്‍ കാല്‍ശതമാനം കുട്ടികള്‍, പ്രത്യേകിച്ച് ആണ്‍കുട്ടികള്‍ ആഴ്ചയില്‍ ഒരു ക്യാനെങ്കിലും കുടിക്കുന്നുണ്ട്. കൂടാതെ ഈ കുട്ടികളില്‍ മാനസിക ആരോഗ്യ പ്രശ്നങ്ങളായ ആകാംക്ഷയും, വിഷാദവും, ആത്മഹത്യാ പ്രവണതയും പ്രകടമാകുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇതിന് പുറമെ ഉറക്കത്തിന്റെ ഗുണനിലവാരം കുറയുകയും, എഡിഎച്ച്ഡി ലക്ഷണങ്ങളും, കടുത്ത സമ്മര്‍ദവും മറ്റ് അപകടങ്ങളാണ്. 25 പെന്‍സ് മുതല്‍ ലഭ്യമാകുന്ന ഇത്തരം പാനീയങ്ങളുടെ വില്‍പ്പനയില്‍ നിന്നും കുട്ടികളെ ഒഴിവാക്കണമെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്. പല സൂപ്പര്‍മാര്‍ക്കറ്റുകളും 16-ല്‍ താഴെ പ്രായമുള്ള കുട്ടികള്‍ ഇത്തരം പാനീയങ്ങള്‍ വാങ്ങുന്നതിന് വിലക്ക് കല്‍പ്പിച്ചിട്ടുണ്ടെങ്കിലും ചെറിയ ഷോപ്പുകളിലും, വെന്‍ഡിംഗ് മെഷീനുകളിലും ഇത് ലഭിക്കും.