ലണ്ടൻ : അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ എന്തെങ്കിലും പ്രതീക്ഷ ലഭിക്കാന്‍ അടിയന്തര 'ഗതിമാറ്റം' വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ടോറി എംപിമാര്‍. രണ്ട് ഉപതെരഞ്ഞെടുപ്പുകളില്‍ തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് ഋഷി സുനാകിന് മുന്നറിയിപ്പ് ലഭിക്കുന്നത്.
നോര്‍ത്താന്‍ഡ്‌സിലെ വെല്ലിംഗ്ബറോയിലും, ഗ്ലോസ്റ്ററിലെ കിംഗ്‌സ്‌വുഡിലുമാണ് റിഫോം പാര്‍ട്ടി വോട്ട് പിടിച്ചതോടെ ടോറികള്‍ക്ക് തിരിച്ചടി നേരിട്ടത്. മനം തകര്‍ന്നിരിക്കുന്ന ടോറികള്‍ക്ക് നികുതി വെട്ടിക്കുറച്ചും, ഇമിഗ്രേഷനില്‍ നിയന്ത്രണം തിരിച്ചുപിടിച്ചും പോരാടാനുള്ള വീര്യം കൈമാറണമെന്നാണ് സുനാകിനോട് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഉപതെരഞ്ഞെടുപ്പുകള്‍ വെളിപ്പെടുത്തി യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടണമെന്ന് ന്യൂ കണ്‍സര്‍വേറ്റീവ്‌സ് ഗ്രൂപ്പ് ഓഫ് എംപി വ്യക്തമാക്കി. യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയെ ബഹിഷ്‌കരിക്കുകയും, ക്ഷേമപദ്ധതികള്‍ക്ക് വിലക്കുകള്‍ ഏര്‍പ്പെടുത്തുകയും വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
'കാര്യങ്ങള്‍ വൈകി, എന്നിരുന്നാലും ഒരുപാട് വൈകിയിട്ടില്ല', ടോറി പിയര്‍ ലോര്‍ഡ് ഫ്രോസ്റ്റ് ആവശ്യപ്പെട്ടു. അതേസമയം ടോറി എംപി ഡെയിം ആന്‍ഡ്രിയ ജെന്‍കിന്‍സ് നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെടുന്നു. 1997-ലെ തോല്‍വിക്ക് മുന്‍പ് സര്‍ ജോണ്‍ മേജര്‍ ഏറ്റുവാങ്ങിയതിലും കൂടുതല്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വികള്‍ സുനാക് നേരിട്ട് കഴിഞ്ഞു.