ലണ്ടന്‍: ചാള്‍സ് രാജാവിന് ക്യാന്‍സര്‍ പിടിപെട്ടതോടെ ആ അഭ്യൂഹങ്ങള്‍ ശക്തമാണ്. ഹാരി രാജകുമാരന്‍ തിടുക്കം പിടിച്ച് പിതാവിനെ കാണാന്‍ എത്തുകയും ചെയ്തു. ഇനി ഈ അവസരം മുതലാക്കി ഹാരി രാജകുടുംബത്തിന്റെ മുന്നണിയിലേക്ക് മടങ്ങിയെത്തുമോ? ഇതാണ് പ്രധാനപ്പെട്ട ആ ചോദ്യം. ഹാരിയുടെ പല എതിരാളികള്‍ക്കും, കൊട്ടാര സഹായികള്‍ക്കും സുഖകരമായ ചോദ്യമല്ല ഇത്. അതുകൊണ്ട് തന്നെ രാജകുടുംബത്തിന്റെ പ്രവര്‍ത്തന ദൗത്യത്തിലേക്ക് ഹാരി മടങ്ങിയെത്താന്‍ യാതൊരു സാധ്യതയും ഇല്ലെന്നാണ് കൊട്ടാരത്തിലെ ശ്രോതസ്സുകള്‍ അവകാശപ്പെടുന്നത്. രാജാവിന്റെ അസുഖ വിവരം തേടാന്‍ വേഗത്തില്‍ യുഎസില്‍ നിന്നും പറന്നെത്തിയതൊന്നും നിലപാട് മാറാന്‍ കാരണമാകില്ലെന്നാണ് ഇവരുടെ വാദം.
സഹോദരന്റെ മടങ്ങിവരവിന് എന്തെങ്കിലും സാധ്യത തെളിഞ്ഞാല്‍ പ്രധാനമായി തടസ്സം നില്‍ക്കുക വില്ല്യം രാജകുമാരന്‍ തന്നെയാകുമെന്നാണ് റിപ്പോര്‍ട്ട്. താന്‍ ഇത് ചെയ്യുമെന്ന് വില്ല്യം സുഹൃത്തുക്കളോട് പറഞ്ഞതായാണ് വിവരം. ഉത്തരവാദിത്വം വേണമെങ്കില്‍ കൂടുതല്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്നാണ് വില്ല്യമിന്റെ നിലപാട്. 2020-ലാണ് സീനിയര്‍ റോയല്‍ പദവിയില്‍ നിന്നും സസെക്സ് ഡ്യൂക്ക് സ്ഥാനം ഒഴിഞ്ഞത്. എന്നാല്‍ പിതാവ് അസുഖബാധിതനായതോടെ ഒരു മടങ്ങിവരവിന് ഹാരി ആഗ്രഹിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുകെയിലേക്ക് കഴിഞ്ഞ ആഴ്ച എത്തിയപ്പോള്‍ ഹാരിയും, പിതാവും തമ്മില്‍ ഊഷ്മളമായ സംസാരമാണ് നടന്നത്. എന്നാല്‍ സഹോദരനെയും, മെഗാനെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന നിലപാട് തിരിച്ചുവരവിന് തടസ്സമാകുമെന്നാണ് ശ്രോതസ്സുകള്‍ മിററിനോട് പറഞ്ഞത്.