ലണ്ടന്‍: സുരക്ഷാ പരിശോധനകള്‍ ഏതുമില്ലാതെയാണ് ഹൈ -റിസ്‌ക് ഫ്‌ലൈറ്റുകള്‍ ലാന്‍ഡ് ചെയ്യുന്നതെന്ന മെയില്‍ പത്രത്തിന്റെ വെളിപ്പെടുത്തല്‍ ബ്രിട്ടനില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് യാത്രക്കാരെ പാസ്‌പോര്‍ട്ട് നിയന്ത്രണങ്ങളില്‍ നിന്നും രക്ഷപ്പെടുവാന്‍ അനുവദിക്കുന്ന തരത്തിലുള്ള സുരക്ഷാ വീഴ്ചയാണ് ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ നടക്കുന്നതെന്ന് ബോര്‍ഡേഴ്‌സ് വാച്ച്‌ഡോഗ് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഇന്‍ഡിപെന്‍ഡന്റ് ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് ബോര്‍ഡേഴ്സ് ആന്‍ഡ് ഇമിഗ്രേഷന്‍ ഡേവിഡ് നീലിന് നല്‍കിയ ഹോം ഓഫീസ് ഡേറ്റ പ്രകാരം കഴിഞ്ഞ വര്‍ഷം ഒരു വിമാനത്താവളത്തില്‍ മാത്രം എത്തിയ നൂറുകണക്കിന് സ്വകാര്യ ജെറ്റുകളിലെ യാത്രക്കാരെ പരിശോധിക്കുന്നതില്‍ യുകെ ബോര്‍ഡര്‍ ഫോഴ്സ് പരാജയപ്പെട്ടതായി വ്യക്തമാക്കുന്നുണ്ട്. അനധികൃത കുടിയേറ്റക്കാര്‍, ഗുണ്ടാ സംഘങ്ങള്‍, മനുഷ്യ കടത്ത് ഇരകള്‍ മുതല്‍ എക്‌സ്ട്രിമിസ്റ്റ് ചിന്താഗതിയുള്ളവര്‍ വരെ പ്രാഥമിക പരിശോധന പോലും ഇല്ലാതെ ബ്രിട്ടനില്‍ പ്രവേശിച്ചിരിക്കാം എന്ന സൂചനകളാണ് ഇതില്‍ നിന്നും ലഭിക്കുന്നത്. ഇത് ഒരു വിമാനത്താവളത്തില്‍ മാത്രം നടന്ന സംഭവമായിരിക്കില്ല, മറിച്ച് പ്രൈവറ്റ് ജെറ്റുകള്‍ ലാന്‍ഡ് ചെയ്യുന്ന മറ്റെല്ലാ വിമാനത്താവളങ്ങളിലും ഇത് സുരക്ഷാ വീഴ്ച തന്നെ നടന്നിരിക്കാമെന്ന് ഡേവിഡ് നീല്‍ വ്യക്തമാക്കി.
ജനറല്‍ ഏവിയേഷന്‍ ഫ്‌ലൈറ്റുകളില്‍, ഹൈ -റിസ്‌ക് കാറ്റഗറിയില്‍ കണക്കാക്കുന്നവയില്‍ 100 ശതമാനവും ബോര്‍ഡര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പരിശോധിക്കണമെന്നാണ് നിയമം. എന്നാല്‍ കഴിഞ്ഞവര്‍ഷം ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ടില്‍ മാത്രം, ഇത്തരത്തിലുള്ള ഹൈ -റിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ഫ്‌ലൈറ്റുകളില്‍ 21 ശതമാനം മാത്രമാണ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതെന്ന് ഡേറ്റ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം ലാന്‍ഡ് ചെയ്ത 1305 ജനറല്‍ ഏവിയേഷന്‍ ഫ്‌ലൈറ്റുകളില്‍, 687 എണ്ണം ഹൈ -റിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവയാണ്. ഇതില്‍ 144 എണ്ണം മാത്രമാണ് ബോര്‍ഡര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. ബാക്കിയുള്ള 543 എണ്ണത്തില്‍ പാസ്‌പോര്‍ട്ട് പരിശോധനകള്‍ പോലും വേണ്ട രീതിയില്‍ നടന്നില്ല എന്നത് കടുത്ത സുരക്ഷാ വീഴ്ചയാണ് സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷയെ അപകടകരമാക്കുന്ന തരത്തിലുള്ള ഒരു വീഴ്ചയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത് എന്ന് നീല്‍ കുറ്റപ്പെടുത്തി. രാജ്യത്തുടനീളമുള്ള ജനറല്‍ എവിയേഷന്‍ ഫ്‌ലൈറ്റുകളുടെ ഒരു സ്വതന്ത്ര പരിശോധന ഉടന്‍തന്നെ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.