|
യുകെയില്‍ നഴ്‌സിങ്, മിഡ് വൈഫ്, അദ്ധ്യാപക കോഴ്‌സുകള്‍ ചെയ്യുന്നവരില്‍ പകുതിയാളുകള്‍ പോലും പഠനം പൂര്‍ത്തിയാക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ സൗജന്യ ചൈല്‍ഡ് കെയര്‍ പദ്ധതി ലഭിക്കാത്തതു കാരണം പ്രതിസന്ധിയിലാകുന്നവരാണ് കോഴ്‌സ് ഉപേക്ഷിക്കുന്നത്.
യു കെയിലെ നഴ്‌സിംഗ് കോഴ്‌സുകള്‍ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കുറവ് ദൃശ്യമായതായി യുകാസ് കണക്കുകള്‍ പുറത്തു വന്നിരുന്നു. 2024- ല്‍ നഴ്‌സിംഗ് കോഴ്‌സുകള്‍ക്കായി അപേക്ഷിച്ചിരിക്കുന്നത് വെറും 31,100 പേര്‍ മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് 33,570 ആയിരുന്നെങ്കില്‍ 2022, 2021 വര്‍ഷങ്ങളില്‍ ഇത് യഥാക്രമം 41,220 ഉം 46,040 ഉം ആയിരുന്നു.
എന്‍ എച്ച് എസ്സിലെ കുറഞ്ഞ ശമ്പളം, ജോലി ആധിക്യം അതുപോലെ, തങ്ങള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്ന ചിന്ത എന്നിവയെല്ലാം കൂടി എന്‍ എച്ച് എസ്സില്‍ നിന്നും യു കെയില്‍ പരിശീലനം ലഭിച്ച നഴ്‌സുമാര്‍ കൂട്ടത്തോടെ ഒഴിഞ്ഞു പോകാന്‍ കാരണമായിട്ടുണ്ട്. ഇംഗ്ലണ്ടില്‍ മാത്രം 42,000 ഒഴിവുകളാണ് നഴ്‌സുമാരുടേത് ആയിട്ടുള്ളത്. ഈ പശ്ചാത്തലത്തിലാണ് മംസ്‌നെറ്റ്, സേവ് ദി ചില്‍ഡ്രന്‍ എന്നിവയുള്‍പ്പടെയുള്ള നിരവധി കാമ്പെയ്ന്‍ ഗ്രൂപ്പുകള്‍ സര്‍ക്കാരിന്റെ സൗജന്യ ചൈല്‍ഡ് കെയര്‍ സകര്യം പരിശീലനം നേടുന്ന രക്ഷകര്‍ത്താക്കള്‍ക്ക് കൂടി ലഭ്യമാക്കണം എന്ന് ആവശ്യപ്പെടുന്നത്.
നേരത്തെ കഴിഞ്ഞ വസന്തകാലത്ത് ചൈല്‍ഡ് കെയര്‍ ആനുകൂല്യം കൂടുതല്‍ പേരിലേക്ക് ചാന്‍സലര്‍ ജെറെമി ഹണ്ട് വ്യാപിപ്പിച്ചിരുന്നു. 2025 സെപ്റ്റംബര്‍ മുതല്‍ ജോലി ചെയ്യുന്ന രക്ഷകര്‍ത്താക്കള്‍ക്ക്, അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ പ്രതിവര്‍ഷം 38 ആഴ്ച്ചക്കാലത്തേക്ക് 30 മണിക്കൂര്‍ സൗജന്യ ചൈല്‍ഡ് കെയര്‍ ലഭ്യമാക്കിയിരുന്നു. എന്നാല്‍, ഇത് വേതനം ലഭിക്കുന്ന തൊഴിലുകള്‍ ചെയ്യുന്ന രക്ഷകര്‍ത്താക്കള്‍ക്ക് മാത്രമെ ലഭിക്കുകയുള്ളു. |