ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ കുറിച്ച് നടി ഉഷയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടെന്നാണ് ഉഷ പറയുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്നും പെണ്‍കുട്ടികള്‍ പരാതി നല്‍കാന്‍ തയ്യാറാകണമെന്നും ഉഷ ഹസീന പറഞ്ഞു. 'എനിക്കും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു സംവിധായകന്‍ മോശമായി പെരുമാറി' - ഉഷ പറഞ്ഞു.
''നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇതില്‍ പലകാര്യങ്ങളും നമ്മളറിഞ്ഞതാണ്. ഈ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഉറപ്പായിട്ടും ഇതൊക്കെ നടന്നിരിക്കുന്നു എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചിരിക്കുന്നത്. നേരത്തെ ഇത്തരം അനുഭവം നേരിട്ട ആളുകള്‍ അക്കാര്യം പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ എല്ലാവരും ഇങ്ങനെയുള്ളവരല്ല, ചില ആള്‍ക്കാര്‍. സിനിമ മേഖല മൊത്തം ഇത്തരത്തിലുള്ള ആള്‍ക്കാരാണെന്ന് പറയാന്‍ സാധിക്കില്ല. ഈ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഇടപെടണം. റിപ്പോര്‍ട്ടില്‍ പ്രതിസ്ഥാനത്തുള്ളവര്‍ ചില സംഘടനകളിലൊക്കെ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരൊക്കെയുണ്ട്. അത്തരക്കാര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ അവര്‍ പിന്നെയും ഇത് തന്നെയല്ലേ തുടരുക? അവര്‍ക്കെതിരെ നടപടി എടുക്കണമെന്നും അവരെ മാറ്റിനിര്‍ത്തണമെന്നുമാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പെണ്‍കുട്ടികള്‍ പരാതി കൊടുക്കാന്‍ തയ്യാറാകണം. ഇല്ലെങ്കില്‍ ഇതുപോലെയുള്ള കാര്യങ്ങള്‍ തുടരും.'' - ഉഷ പറയുന്നു. |