പാലക്കാട് ജില്ലയിലെ നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് കൂടുതല്‍ കാര്യങ്ങള്‍ ചെന്താമര വെളിപ്പെടുത്തിയത്. ഒരു മണിക്കൂര്‍ നീണ്ട തെളിവെടുപ്പില്‍ ഭാവഭേദമൊന്നുമില്ലാതെ കുറ്റകൃത്യം നടത്തിയ രീതിയെക്കുറിച്ചു ചെന്താമര പൊലീസിനോട് വിശദീകരിച്ചു.കൊലപാതകങ്ങള്‍ക്കുശേഷം രക്ഷപ്പെട്ട മലയിലേക്കുള്ള വഴി, ആയുധങ്ങള്‍ ഉപേക്ഷിച്ച സ്ഥലങ്ങള്‍, പ്രതിയുടെ വീട്, കൃത്യം നടന്ന സ്ഥലം എന്നിവിടങ്ങളിലെല്ലാം തെളിവെടുപ്പ് നടന്നു. നാളെയും തെളിവെടുപ്പ് തുടരും. പ്രതി ആയുധങ്ങള്‍ വാങ്ങിച്ച കടകളിലുള്‍പ്പെടെയാണ് നാളെ തെളിവെടുപ്പ് നടക്കുക.
തന്റെ കുടുംബം തകരാന്‍ പ്രധാന കാരണക്കാരിലൊരാള്‍ അയല്‍വാസിയായ പുഷ്പയാണെന്ന് ചെന്താമര മൊഴി നല്‍കി. പുഷ്പയെ വെറുതെ വിട്ടതില്‍ നിരാശയുണ്ടെന്നും താന്‍ പുറത്തിറങ്ങാതിരിക്കാന്‍ കൂട്ട പരാതി നല്‍കിയവരില്‍ പുഷ്പയും ഉണ്ടെന്നും ചെന്താമര പൊലീസിനോട് പറഞ്ഞു. ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ പുഷ്പ രക്ഷപ്പെട്ടുവെന്നും ചെന്താമര പറഞ്ഞു. ആലത്തൂര്‍ ഡിവൈ എസ്പി എന്‍ മുരളീധരന്റെ ചോദ്യം ചെയ്യലിലാണ് ചെന്താമര വെളിപ്പെടുത്തല്‍ നടത്തിയത്.
ചെന്താമരയുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകം നടന്ന സ്ഥലത്തും പ്രതി ഓടി രക്ഷപ്പെട്ട പ്രദേശത്തുമാണ് തെളിവെടുപ്പ് നടത്തിയത്. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. ബുധനാഴ്ച വൈകിട്ട് മൂന്നുമണി വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. |