|
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. ഭൂരിഭാഗം എക്സിറ്റ് പോള്‍ ഫലങ്ങളും ബിജെപിക്കാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. ബിജെപി 25 വര്‍ഷത്തിനുശേഷം ഡല്‍ഹിയില്‍ അധികാരത്തില്‍ വരുമെന്നാണ് ഫലങ്ങള്‍ നല്‍കുന്ന സൂചന. പി-മാര്‍കിന്റെ എക്സിറ്റ് പോളില്‍ ബിജെപിക്ക് 39 മുതല്‍ 49 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. ആംആദ്മി പാര്‍ട്ടിക്ക് 21 മുതല്‍ 31 വരെ സീറ്റുകളും കോണ്‍ഗ്രസ് ഒരുസീറ്റ് വരെ ലഭിച്ചേക്കാമെന്നും പി-മാര്‍ക് പ്രവചിക്കുന്നു.
മാട്രിസ് എക്സിറ്റ് പോളില്‍ ബിജെപിക്ക് 35 മുതല്‍ 40 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. ആംആദ്മിക്ക് 32 മുതല്‍ 37 വരെ സീറ്റുകളും കോണ്‍ഗ്രസിന് ഒരുസീറ്റും മാട്രിസ് പ്രവചിക്കുന്നു.
ജെവിസിയുടെ എക്സിറ്റ്പോള്‍ ഫലത്തില്‍ ബിജെപിക്ക് വന്‍മുന്നേറ്റമാണ് പ്രവചിക്കുന്നത്. ബിജെപിക്ക് 39 മുതല്‍ 45 വരെ സീറ്റുകളും ആംആദ്മിക്ക് 22 മുതല്‍ 31 വരെ സീറ്റുകളും കോണ്‍ഗ്രസിന് രണ്ടുസീറ്റ് വരെയും ജെവിസി പ്രവചിക്കുന്നു.
ചാണക്യ സ്ട്രാറ്റജീസിന്റെ എക്സിറ്റ് പോളിലും ബിജെപിക്കാണ് മുന്‍തൂക്കം. 39 മുതല്‍ 44 വരെ സീറ്റുകളില്‍ ബിജെപി വിജയിച്ചേക്കുമെന്നാണ് ചാണക്യയുടെ പ്രവചനം. 25 മുതല്‍ 28 വരെ സീറ്റുകളാണ് ആംആദ്മിക്ക് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് മൂന്നുസീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും ചാണക്യ സ്ട്രാറ്റജീസ് എക്സിറ്റ് പോളില്‍ പറയുന്നു. |