|
പശ്ചിമേഷ്യയില്‍ വന്‍ സൈനിക സന്നാഹമൊരുക്കി അമേരിക്ക. യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ (CENTCOM) റിപ്പോര്‍ട്ട് പ്രകാരം, മാര്‍ച്ച് 27-ന് 'യുഎസ്എസ് ട്രിപ്പോളി' (LHA 7) എന്ന അത്യാധുനിക കപ്പലിലാണ് സൈനികര്‍ മേഖലയിലെത്തിയത്. ഏകദേശം 3,500 നാവികരാണ് ഈ സംഘത്തിലുള്ളത്.
അമേരിക്ക-ക്ലാസ് ആംഫിബിയസ് ആക്രമണ കപ്പലായ ട്രിപ്പോളിയില്‍ കേവലം സൈനികര്‍ മാത്രമല്ല ഉള്ളത്. യുദ്ധവിമാനങ്ങള്‍, സ്‌ട്രൈക്ക് ഫൈറ്ററുകള്‍, ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍, കരയിലും കടലിലും ഒരുപോലെ ആക്രമണം നടത്താന്‍ ശേഷിയുള്ള ആധുനിക ആയുധങ്ങള്‍ എന്നിവയും ഈ സേനയുടെ ഭാഗമാണ്.
തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ സുരക്ഷിതമാക്കുക, ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുക, തീരദേശ ലക്ഷ്യങ്ങളില്‍ മിന്നല്‍ ആക്രമണം നടത്തുക എന്നിവയാണ് ഇത്തരം യൂണിറ്റുകളുടെ പ്രധാന ദൗത്യം. മേഖലയിലേക്ക് പതിനായിരത്തോളം അധിക സൈനികരെ അയക്കുന്നതിനെക്കുറിച്ച് പെന്റഗണ്‍ ആലോചിക്കുന്നതിനിടയിലാണ് ഈ പുതിയ നീക്കം. നിലവില്‍ 82-ാമത് എയര്‍ബോണ്‍ ഡിവിഷനില്‍ നിന്നുള്ള അയ്യായിരത്തോളം സൈനികര്‍ ഇതിനോടകം തന്നെ മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. |