2020ലെ വിസ തട്ടിപ്പ് കേസില്‍ സനലിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഫിന്‍ലന്‍ഡില്‍ സ്ഥിരതാമസക്കാരനായ സനല്‍ ഇടമറുകിനെ പോളണ്ടിലെ വാര്‍സോ മോഡ്ലിന്‍ വിമാനത്താവളത്തില്‍വെച്ച് മാര്‍ച്ച് 28ന് അധികൃതര്‍ കസ്റ്റഡിയിലെടുത്തെന്നാണ് ഫിന്‍ലന്‍ഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫിന്‍ലന്‍ഡിലെ വിദേശകാര്യമന്ത്രാലയവും അറസ്റ്റ് സ്ഥിരീകരിച്ചു.
2018ല്‍ ആലപ്പുഴ സ്വദേശിനിക്ക് വീസ നല്‍കാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ തട്ടിയ കേസില്‍ സനല്‍ പ്രതിയായിരുന്നു. ഈ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സനലിനെതിരെ 2020ല്‍ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചത്. സനലിനെ വൈകാതെ ഇന്ത്യക്ക് കൈമാറിയേക്കും.
പോളണ്ടില്‍ മനുഷ്യാവകാശസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു സനല്‍ ഇടമറുക്. ഇന്ത്യയില്‍ രജിസ്റ്റര്‍ചെയ്ത മതനിന്ദ കേസുകളില്‍ പ്രതിയാണ് അദ്ദേഹം. 2012ലാണ് സനല്‍ ഇടമറുക് ഇന്ത്യയില്‍നിന്ന് ഫിന്‍ലഡിലേക്ക് പോയത്. തുടര്‍ന്ന് ദീര്‍ഘകാലമായി ഫിന്‍ലന്‍ഡില്‍ തന്നെ തുടരുകയായിരുന്നു. റെഡ്കോര്‍ണര്‍ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് പോളണ്ടില്‍വെച്ച് സനല്‍ ഇടമറുകിനെ അധികൃതര്‍ കസ്റ്റഡിയിലെടുത്തതെന്നും ഇദ്ദേഹത്തെ വിട്ടുകിട്ടാനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചതായുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. |