|
ഇന്ത്യാ- പാക് സംഘര്‍ഷത്തിന് പിന്നാലെ രാജസ്ഥാനിലെ ജയ്പൂരിലെ കടയുടമകള്‍ മധുര പലഹാരങ്ങളിലെ 'പാക്ക്' ശ്രീ എന്നാക്കി മാറ്റി. മധുരപലഹാരങ്ങളുടെ പേരിലെ 'പാക്ക്' മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തതായും കടയുടമകള്‍ പറയുന്നു. മൈസൂര്‍ പാക്ക്, മോട്ടി പാക്ക്, ഗോണ്ട് പാക്ക് എന്നിവയുടെ പേരുകളില്‍ നിന്നും പാക്ക് മാറ്റി മൈസൂര്‍ ശ്രീ, മോട്ടി ശ്രീ, ഗോണ്ട് ശ്രീ എന്നിങ്ങനെയാക്കി.
എന്നാല്‍ മധുരപലഹാരങ്ങളിലെ പാക്ക് എന്ന പേരിന് പാക്കിസ്താനുമായി ഒരു ബന്ധവുമില്ല. 'പാക്' എന്ന വാക്ക് പാകിസ്താനെയല്ല സൂചിപ്പിക്കുന്നത്. കന്നഡയില്‍ മധുരം എന്നാണ് ഇതിന്റെ അര്‍ത്ഥം വരുന്നത്. കര്‍ണാടകയിലെ മൈസൂരിന്റെ പേരിലാണ് മധുരപലഹാരമായ മൈസൂര്‍ പാക്ക് അറിയപ്പെട്ടിരുന്നത്.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഉപഭോക്താക്കള്‍ തന്നെ പേര് മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടതായാണ് കടയുടമകള്‍ പറയുന്നത്. ജയ്പൂരില്‍ ത്യോഹാര്‍ സ്വീറ്റ്സിന്റെ ഉടമയായ അഞ്ജലി ജെയിനാണ് ഈ പേരുമാറ്റത്തിന് നേതൃത്വം നല്‍കുന്നത്. |