|
ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ 171 വിമാനം പറന്നുയരുന്നതിനിടെ തകര്‍ന്നുവീണ് മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് എയര്‍ ഇന്ത്യ. തകര്‍ന്ന മെഡിക്കല്‍ കോളേജ് കെട്ടിടം പുതുക്കി പണിയുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. അപകടത്തിന്റെ തീവ്രത വളരെ വലുതായതിനാല്‍ തന്നെ ഇന്‍ഷുറന്‍സ് ക്ലെയിമുകളും ഉയര്‍ന്നേക്കും. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ ഏതാണ്ട് 1,000 കോടി രൂപ വരെ ഉയര്‍ന്നേക്കുമെന്നാണ് കണക്കാക്കുന്നത്.
വിമാന അപകടങ്ങളില്‍ മരണമോ പരിക്കോ സംഭവിച്ചാല്‍ വിമാനക്കമ്പനികളുടെ ബാധ്യത കണക്കാക്കുന്നത് ഇന്ത്യ ഒപ്പുവെച്ചിട്ടുള്ള 1999-ലെ മോണ്‍ട്രിയല്‍ ഉടമ്പടി പോലുള്ള അന്താരാഷ്ട്ര ഉടമ്പടികള്‍ അനുസരിച്ചാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഈ ഉടമ്പടി പ്രകാരം വിമാനക്കമ്പനികള്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരാണ്. അപകട കാരണം വിമാനക്കമ്പനിയുടെ അശ്രദ്ധയാണെന്ന് തെളിഞ്ഞാല്‍ നഷ്ടപരിഹാരം ഉടമ്പടിയില്‍ പരാമര്‍ശിച്ചിരിക്കുന്നതിലും കൂടുതലായിരിക്കും. |