|
ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക ഉദ്യോഗസ്ഥനായ മേജര്‍ മോയിസ് അബ്ബാസ് ഷാ പാകിസ്ഥാനി താലിബാന്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പാകിസ്ഥാന്റെ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പിന്റെ ആറാം കമാന്‍ഡോ ബറ്റാലിയനിലെ സൈനികനാണ് മേജര്‍ സൈദ് മോയിസ്. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് അബ്ബാസ് ഷാ കൊല്ലപ്പെട്ടത്.
തെഹ്രിക് ഇ താലിബാന്‍ (പാകിസ്ഥാനി താലിബാന്‍) ഭീകരരുമായാണ് ഏറ്റുമുട്ടലുണ്ടായത്. പാക്-അഫ്ഗാന്‍ അതിര്‍ത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണ് ടിടിപി. ഏറ്റുമുട്ടലില്‍ 11 ഭീകരരെ വധിച്ചു. മേജര്‍ മോയിസ് അബ്ബാസ് ഷാ അടക്കം രണ്ടു പാക് സൈനിക ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാനിലെ സൗത്ത് വസിരിസ്താന്‍ ജില്ലയില്‍ നടന്ന രഹസ്യ ഓപ്പറേഷനിടെയാണ് സംഭവം.
2019ല്‍ പുല്‍മാവയിലെ ഭീകരാക്രമണത്തിന് 12 ദിവസങ്ങള്‍ക്കുശേഷം ഫെബ്രുവരി 26ന് പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യന്‍ സൈന്യം വ്യോമാക്രമണത്തില്‍ തകര്‍ത്തിരുന്നു. പിന്നാലെ ഇന്ത്യന്‍ സൈന്യത്തിനുനേരെ പാക് സൈന്യം പ്രത്യാക്രമണം നടത്തിയിരുന്നു. ഇതിനിടെയാണ് പാക് അധീന കശ്മീരില്‍ വെച്ച് ഇന്ത്യന്‍ വ്യോമ സേനയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനന്‍ നിയന്ത്രിച്ചിരുന്ന യുദ്ധവിമാനം പാകിസ്ഥാന്‍ സൈന്യം ആക്രമിച്ചത്. |