|
താന്‍ നേരിട്ട വംശീയപരമായ അധിക്ഷേപങ്ങള്‍ ഏതൊക്കെയന്ന് വിവരിക്കുകയാണ് ഇന്ത്യക്കാരനെ വിവാഹം കഴിച്ച അമേരിക്കന്‍ സ്വദേശിനി. താന്‍ നേരിട്ട അധിക്ഷേപ പരാമര്‍ശങ്ങളെക്കുറിച്ച് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ വിവരിച്ചു. ഇന്ത്യക്കാരനെ വിവാഹം കഴിച്ച് ഇന്ത്യയിലേക്ക് താമസം മാറിയതിന് ശേഷം അസംബന്ധമായ കാര്യങ്ങള്‍ സംഭവിച്ചുവെന്നാണ് ഹിന്ദി അധ്യാപിക പറയുന്നത്.
ഗ്രീന്‍ കാര്‍ഡ് കിട്ടുന്നതിന് വേണ്ടിയാണ് നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെ വിവാഹം കഴിച്ചത്, നിങ്ങളൊരു ഇരുണ്ട നിറക്കാരനെ വിവാഹം കഴിച്ചതില്‍ എനിക്ക് വിഷമമുണ്ട്, ഇന്ത്യയിലേക്ക് താമസം മാറിയതിലൂടെ നിങ്ങളുടെ ജീവിതം നിങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ കുട്ടികള്‍ നിങ്ങളെപ്പോലെ വെളുത്തവരല്ല എന്നത് വളരെ ദുഃഖകരമാണ്, ഈ പരാമര്‍ശങ്ങളൊക്കെ താന്‍ കേട്ടതായി വീഡിയോയില്‍ അവര്‍ പറഞ്ഞു.
''നിങ്ങളിലാര്‍ക്കൊക്കെ ഈ കാര്യങ്ങള്‍ ഓണ്‍ലൈനില്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇത് സത്യം പറഞ്ഞാല്‍ ഞാന്‍ ദിവസവും കാണുന്ന വര്‍ണ വിവേചനത്തിന്റെയും വംശീയതയുടെയും വെളുത്ത നിറത്തിന്റെയും പാശ്ചാത്യ രാജ്യങ്ങളുടെ പാസ്പോര്‍ട്ട് ആരാധനയുടെയും ഒരു സാമ്പിള്‍ മാത്രമാണ്,'' അവര്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സറാണു യുവതി. നിറയെ കടകളുള്ള ഒരു ഇന്ത്യന്‍ തെരുവിലൂടെ നടക്കുന്ന വീഡിയോയാണ് അവര്‍ പങ്കുവെച്ചത്. ഇന്ത്യക്കാരെ വിവാഹം കഴിച്ച വിദേശികള്‍ കേള്‍ക്കേണ്ടി വരുന്ന അസംബന്ധമായ കാര്യങ്ങള്‍ എന്ന കാപ്ഷനോടെയാണ് അവര്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. |