കെന്റ്: മെനിഞ്ചൈറ്റിസ് കേസുകളില്‍ ആശങ്കപ്പെടുത്തുന്ന വര്‍ധന റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ 34 കേസുകള്‍ സ്ഥിരീകരിച്ചതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (UKHSA) അറിയിച്ചു. വ്യാഴാഴ്ച 29 കേസുകളായിരുന്നു, അതില്‍ നിന്ന് വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതലായും വിദ്യാര്‍ത്ഥികളിലാണ് രോഗബാധ കണ്ടെത്തുന്നത്.
വാക്സിനിനുള്ള ആവശ്യം കുത്തനെ ഉയര്‍ന്നതോടെ കെന്റ് യൂണിവേഴ്സിറ്റി കാമ്പസിലെ ക്ലിനിക്കില്‍ രാവിലെ മുതല്‍ തന്നെ 500-ലേറെ പേര് നിരന്നു. 8002 വാക്സിനുകളും 12,157 ആന്റിബയോട്ടിക്കുകളും ഇതിനകം നല്കി കഴിഞ്ഞതായി എന്‍എച്ച്എസ് കെന്റ് & മെഡ്വെ അറിയിച്ചു.
രോഗവ്യാപനം തടയാന്‍ UKHSAയും NHS England-ഉം ചേര്‍ന്ന് ജാഗ്രതാപൂര്‍വ്വം പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. യുവാക്കള്‍ക്ക് വാക്സിന് ലഭ്യമാകുന്നതില്‍ ആശങ്ക വേണ്ടെന്നും, എത്രയും വേഗം വിതരണം ഉറപ്പാക്കുമെന്നും ഏജന്‍സി ആവര്‍ത്തിച്ചു.
ഇപ്പോള്‍ പടരുന്ന മെനിഞ്ചൈറ്റിസ് ബി സ്ട്രെയിന്‍ അതിവേഗം ആളുകള്‍ക്കിടയില്‍ കൈമാറ്റം ചെയ്യുന്ന തരത്തില്‍ രൂപമാറ്റം വന്നിട്ടുണ്ടോയെന്ന് ശാസ്ത്രജ്ഞര്‍ പരിശോധിക്കുന്നു. മുന്‍പത്തെ അപേക്ഷിച്ച് രോഗം വേഗത്തില്‍ പടരാന്‍ ഇടയാക്കുന്ന രീതിയിലാണോ സ്ട്രെയിന്‍ മാറിയതെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു.
രോഗബാധ ലണ്ടന്‍ കോളേജിലേക്കും സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ മോറിസണ്‍സ് വിതരണ കേന്ദ്രത്തിലേക്കും വ്യാപിച്ചു. മൂന്ന് സര്‍വകലാശാലാ ചിയര്‍ ലീഡര്‍മാര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കാന്റര്‍ബറിയിലെ ക്ലബ് കെമിസ്ട്രി നൈറ്റ് ക്ലബ് സന്ദര്‍ശിച്ചവരിലൂടെയാണ് രോഗം പ്രധാനമായും പടര്‍ന്നതെന്നാണ് നിഗമനം. ഈ മാസം അഞ്ചിന് ശേഷം അവിടെ എത്തിയവര്‍ ഉടന്‍ വാക്സിനും ആന്റിബയോട്ടിക്കുകളും സ്വീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രോഗവ്യാപനത്തെ തുടര്‍ന്ന് കെന്റിലെ നിരവധി കായിക പരിപാടികള്‍ റദ്ദാക്കി. ഈസ്റ്റര്‍ അവധിക്ക് വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങുന്നത് രോഗവ്യാപനം കൂട്ടുമോ എന്ന ആശങ്കയും ശക്തമാണ്. രാജ്യത്ത് മെനിഞ്ചൈറ്റിസ് ബി വാക്സിനുകളുടെ ക്ഷാമം ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. ഫാര്‍മസികളില്‍ വാക്സിന് ലഭ്യമല്ലാത്തതിനെച്ചൊല്ലി ജീവനക്കാരും പൊതുജനങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവാകുന്നുണ്ട്