ലണ്ടന്‍: നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ മലയാളികള്‍ താമസിക്കുന്ന പ്രദേശത്ത് ആസൂത്രിതമായി നടന്ന ആംബുലന്‍സ് തീവയ്പ്പ് വലിയ ആശങ്ക പരത്തി. ജൂത സന്നദ്ധസംഘടനയായ ഹത്സോളയുടെ നാല് ആംബുലന്‍സുകള്‍ക്കാണ് തിങ്കളാഴ്ച പുലര്‍ച്ചെ ആക്രമികള്‍ തീയിട്ടത്. വിദ്വേഷ കുറ്റകൃത്യമാണെന്നാണ് മെട്രോപൊളിറ്റന്‍ പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
പുലര്‍ച്ചെ 1:40ഓടെയാണ് സംഭവം നടന്നത്. തീ നിയന്ത്രിക്കാന്‍ ലണ്ടന്‍ എയര്‍ ഫോഴ്സിന്റെ ആറ് ഫയര്‍ എന്‍ജിനുകളും 40 അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 3:06ഓടെ തീ നിയന്ത്രണവിധേയമായി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും, മുന്‍കരുതലായി ഏകദേശം 30 പേരെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ച് പ്രാദേശിക അഭയകേന്ദ്രത്തിലേക്ക് മാറ്റി. സമീപ പ്രദേശങ്ങള്‍ ഒഴിപ്പിക്കുകയും റോഡുകള്‍ അടയ്ക്കുകയും ചെയ്തു.
പോലീസ് സൂപ്രണ്ട് സാറാ ജാക്സണ് അറിയിച്ചു: ''സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. മൂന്ന് പേര്‍ക്ക് ആക്രമണവുമായി ബന്ധമുള്ളതായി സംശയിക്കുന്നു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.'' കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നവര്‍ മുന്നോട്ട് വരണമെന്നും പൊലീസ് അഭ്യര്‍ഥിച്ചു.
സന്നദ്ധസംഘടനയുടെ വാഹനങ്ങള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രദേശത്ത് വലിയ പ്രതിഷേധം ഉയരുന്നുണ്ട്