ലണ്ടന്‍: റയാന് എയര്‍ യാത്രക്കാരുടെ ചെക്ക് ഇന്‍, ലഗേജ് കൈമാറ്റ നിയമങ്ങളില്‍ മാറ്റം വരുത്തിയതായി അറിയിച്ചു. നവംബര്‍ 10 മുതല്‍ വിമാനങ്ങള്‍ പുറപ്പെടുന്നതിന് 60 മിനിറ്റ് മുമ്പ് ചെക്ക് ഇന്‍ കൗണ്ടറുകളും ലഗേജ് ഡ്രോപ്പ് പോയിന്റുകളും അടയ്ക്കും. നിലവില്‍ ഇത് 40 മിനിറ്റായിരുന്നു. സുരക്ഷാ പരിശോധനക്കും പാസ്പോര്‍ട്ട് കണ്‍ട്രോളിനും യാത്രക്കാര്‍ക്ക് കൂടുതല്‍ സമയം ലഭ്യമാക്കുക എന്നതാണ് മാറ്റത്തിന്റെ ലക്ഷ്യം. തിരക്കേറിയ വിമാനത്താവളങ്ങളില്‍ നീണ്ട ക്യൂ കാരണം യാത്ര നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ 20 മിനിറ്റ് അധികം സഹായകരമാകുമെന്ന് കമ്പനി വ്യക്തമാക്കി.
ഒക്ടോബര്‍ മുതല്‍ 95 ശതമാനം വിമാനത്താവളങ്ങളിലും സെല്‍ഫ് സര്‍വീസ് മെഷീനുകള്‍ സ്ഥാപിച്ച് ലഗേജ് കൈമാറ്റം വേഗത്തിലാക്കും. റയാന് എയര്‍ ആപ്പ് വഴി യാത്രക്കാര്‍ക്ക് തന്നെ ലഗേജ് ടാഗുകള്‍ പ്രിന്റ് ചെയ്യാനാകും. ലഗേജ് കൈമാറ്റം ചെയ്യുന്ന യാത്രക്കാരില്‍ ഏകദേശം 20 ശതമാനം പേരെയാണ് ഈ മാറ്റം നേരിട്ട് ബാധിക്കുക. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ലഗേജ് കൈമാറ്റം പൂര്‍ത്തിയാക്കാത്തവര്‍ക്ക് യാത്ര അനുവദിക്കില്ല. ഹാന്‍ഡ് ലഗേജുള്ളവര്‍ വിമാനം പുറപ്പെടുന്നതിന് 60 മിനിറ്റ് മുമ്പ് ബോര്‍ഡിങ് പാസ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം. അതിനുശേഷം മാത്രമേ സുരക്ഷാ പരിശോധനയിലേക്ക് പ്രവേശിക്കാനാവൂ.