ലണ്ടന്‍/കാസര്‍കോട്: ലണ്ടനില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കീര്‍ത്തി രാജഗോപാല്‍ (25)യുടെ മൃതദേഹം നാട്ടിലേക്ക് തിരിക്കും. ഇന്ന് പുലര്‍ച്ചെ 3 മണിയോടെ മംഗളൂരു എയര്‍പോര്‍ട്ടില്‍ എത്തിക്കുന്ന മൃതദേഹം രാവിലെ 10 മണിക്ക് വീട്ടിലെത്തിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിക്ക് സംസ്‌കാരം നടക്കും. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് വെള്ളിക്കോത്ത് കാരക്കുഴി 'കീര്‍ത്തിവിനായക'യിലെ രാജഗോപാലിന്റെയും റീനയുടെയും മകളാണ് കീര്‍ത്തി. സഹോദരന്‍ വിനായക്.
വിദ്യാര്‍ഥി വീസയില്‍ യുകെയില്‍ എത്തിയ കീര്‍ത്തി പിന്നീട് പോസ്റ്റ് സ്റ്റഡി വീസയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഗവേഷണപഠനത്തിനുള്ള തയ്യാറെടുപ്പും നടത്തിയിരുന്നു. ലണ്ടനിലെ ഡെസിമ സ്ട്രീറ്റ് സര്‍ജറിയില്‍ പേഷ്യന്റ് സര്‍വീസ് അഡൈ്വസറായി ജോലി ചെയ്തിരുന്ന അവള്‍ ഈസ്റ്റ് ലണ്ടനിലെ കാനറി വാര്‍ഫിന് സമീപമുള്ള ടവര്‍ ഹാംലെറ്റ്‌സ് ബറോയിലായിരുന്നു താമസം. മാര്‍ച്ച് 30ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം പുറത്തേക്ക് പോയ കീര്‍ത്തിയെ തേംസ് നദിയുടെ തീരത്ത് നിന്ന് മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം 31നാണ് മരണം സംഭവിച്ചത്.