Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2348 INR  1 EURO=109.0156 INR
ukmalayalampathram.com
Sun 19th Apr 2026
 
 
UK Special
  Add your Comment comment
ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാന്‍ യുഎഇ-യുകെ ആവശ്യം
reporter

അബുദാബി/ഇസ്താംബുള്‍: ആഗോള സമ്പദ്വ്യവസ്ഥയ്ക്കും ഊര്‍ജ വിപണിക്കും നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷയും കപ്പല്‍ ഗതാഗതവും ഉറപ്പാക്കാന്‍ രാജ്യാന്തര തലത്തില്‍ ശക്തമായ ഇടപെടല്‍ വേണമെന്ന് യുഎഇയും ബ്രിട്ടനും ആവശ്യപ്പെട്ടു. തുര്‍ക്കിയില്‍ നടക്കുന്ന 152-ാമത് ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്‍ (ഐപിയു) സമ്മേളനത്തിനിടെ യുഎഇ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ (എഫ്എന്‍സി) സ്പീക്കര്‍ സഖര്‍ ഖൊബാഷും ബ്രിട്ടിഷ് പാര്‍ലമെന്റ് അംഗവും ഐപിയു ബ്രിട്ടിഷ് ഗ്രൂപ്പ് അധ്യക്ഷനുമായ ഫാബിയന്‍ ഹാമില്‍ട്ടണും നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം ഉയര്‍ന്നത്. യുഎഇയും യുകെയും തമ്മിലുള്ള ദീര്‍ഘകാല ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം തന്ത്രപ്രധാനമായ വിഷയങ്ങളില്‍ സംഭാഷണം തുടരാനും ഇരുപക്ഷവും തീരുമാനിച്ചു.

യുഎഇയുടെ പരമാധികാരത്തിന് പിന്തുണ

യുഎഇയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും പൗരന്മാരുടെ സംരക്ഷണത്തിനും ബ്രിട്ടന്റെ പൂര്‍ണ പിന്തുണ ഉറപ്പുനല്‍കുമെന്ന് ഹാമില്‍ട്ടണ്‍ വ്യക്തമാക്കി. ഇറാന്‍ നടത്തുന്ന ആക്രമണങ്ങളെ യുകെ അപലപിക്കുകയും, ഇത്തരം പ്രവൃത്തികള്‍ രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് ഖൊബാഷ് ചൂണ്ടിക്കാട്ടുകയും ചെയ്തു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ക്കിടയിലും നയതന്ത്ര ശ്രമങ്ങള്‍ക്കും സമാധാനപരമായ പരിഹാരങ്ങള്‍ക്കുമാണ് യുഎഇ മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്തെ ഊര്‍ജ വിതരണത്തിന്റെ സിരാകേന്ദ്രമായ ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷ നിലനിര്‍ത്തേണ്ടത് ആഗോള സാമ്പത്തിക ഭദ്രതയ്ക്ക് അനിവാര്യമാണെന്ന് ഇരുനേതാക്കളും ഓര്‍മിപ്പിച്ചു. കപ്പല്‍ ഗതാഗതത്തിന് നേരെയുള്ള ഭീഷണികള്‍ തടയാന്‍ സംയുക്ത നീക്കം വേണമെന്നും, അമേരിക്ക-ഇറാന്‍ ഉടമ്പടികള്‍ മേഖലയിലെ ഭീഷണികളെ പൂര്‍ണമായും പരിഹരിക്കുന്ന തരത്തിലുള്ളതാകണമെന്നും യുഎഇ ആവശ്യപ്പെട്ടു.

പാര്‍ലമെന്ററി സഹകരണം ശക്തമാക്കും

എഫ്എന്‍സിയും ബ്രിട്ടിഷ് ഹൗസ് ഓഫ് കോമണ്‍സും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി വൈദഗ്ധ്യം പങ്കുവയ്ക്കാനും സന്ദര്‍ശനങ്ങള്‍ വര്‍ധിപ്പിക്കാനും ധാരണയായി. ഐപിയു ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് ആഗോള സമാധാനത്തിനായുള്ള സംരംഭങ്ങളെ പിന്തുണയ്ക്കുമെന്നും ഇരുപക്ഷവും വ്യക്തമാക്കി.

രാജ്യാന്തര തലത്തില്‍ കുറ്റകൃത്യങ്ങളും ഭീഷണികളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അതിര്‍ത്തി സുരക്ഷ, നയതന്ത്രം, പൊലീസ് സംവിധാനങ്ങള്‍, സാങ്കേതിക വിദ്യകള്‍ എന്നിവ ഏകോപിപ്പിക്കുന്നതില്‍ യുഎഇ നടത്തുന്ന ശ്രമങ്ങള്‍ പ്രശംസനീയമാണെന്ന് യുകെ പ്രതിനിധി പറഞ്ഞു. വിവിധ എഫ്എന്‍സി അംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.

 
Other News in this category

 
 




 
Close Window