എസെക്സ്സ്: യുകെയിലെ ലീഡന് റോഡിംഗില്‍ വളര്‍ത്തുനായയുടെ ആക്രമണത്തില്‍ 19-കാരിയായ ജാമി ലീ ബിസ്കോ ദാരുണമായി മരിച്ചു. ഏപ്രില്‍ 10-ന് വൈകിട്ട് സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ കഴുത്തില്‍ ഗുരുതര പരിക്കേറ്റ നിലയില്‍ പിതാവ് ജാക്ക് ബിസ്കോയാണ് അവളെ കണ്ടെത്തിയത്. ഉടന്‍ തന്നെ മരണം സ്ഥിരീകരിക്കപ്പെട്ടു. ലര്‍ച്ചര്‍ ക്രോസ് ഇനത്തില്‍പ്പെട്ട നായയെയാണ് വീട്ടില്‍ വളര്‍ത്തിയിരുന്നത്. സംഭവത്തിന് പിന്നാലെ ഒരു പെണ് ലര്‍ച്ചര്‍ ക്രോസ് നായയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവുകളാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
'ആ നായ ജീവിക്കാന്‍ അര്‍ഹതയുള്ളതല്ല, അവളെ ഇനി ഒരിക്കലും കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല' എന്ന് പിതാവ് ജാക്ക് മാധ്യമങ്ങളോട് പ്രതികരിച്ചു. നായയെ ഉടന്‍ തന്നെ കൊല്ലണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും ജാമി ലീയുടെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിള്‍ സ്റ്റുവര്‍ട്ട് ഹൂപ്പര്‍ അറിയിച്ചു. 'ജാമി ലീയെ സ്നേഹിച്ച എല്ലാവരോടും ഞങ്ങളുടെ ദുഃഖം പ്രകടിപ്പിക്കുന്നു. എന്താണ് സംഭവിച്ചതെന്ന് എത്രയും പെട്ടെന്ന് കണ്ടെത്തും,' ഹൂപ്പര്‍ കൂട്ടിച്ചേര്‍ത്തു. ജാമി ലീയുടെ അപ്രതീക്ഷിത വിയോഗം നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്. കുട്ടികള്‍ക്ക് അവളെ ഏറെ ഇഷ്ടമായിരുന്നുവെന്നും, ഒരിക്കലും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്നും അയല്‍വാസികള്‍ ഓര്‍ക്കുന്നു.