ലണ്ടന്‍: ഇറാന് യുദ്ധം സൃഷ്ടിച്ച ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ യുകെ വലിയ സാമ്പത്തിക ആഘാതം നേരിടാനിടയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. ഏകദേശം 1.5 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകാനും, ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക സാമ്പത്തിക ഭാരം വരാനുമാണ് സാധ്യത. ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് പുറത്തിറക്കിയ പഠനത്തില്‍ വ്യവസായ മേഖലയില്‍ തിരിച്ചടിയോടെ തൊഴിലില്ലായ്മ നിരക്ക് 0.5 ശതമാനം വരെ ഉയര്‍ന്നേക്കാമെന്ന് പറയുന്നു. ഇതിനോടകം തന്നെ വളര്‍ച്ച മന്ദഗതിയിലായ ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയ്ക്ക് ഇത് വലിയ തിരിച്ചടിയായിരിക്കും.
പണപ്പെരുപ്പ നിരക്കും ഗണ്യമായി ഉയരുമെന്ന ആശങ്കയുണ്ട്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം കഴിഞ്ഞ ഏപ്രിലില്‍ 3.3 ശതമാനമായിരുന്ന പണപ്പെരുപ്പം 4.5 ശതമാനം വരെ എത്താനിടയുണ്ട്. കണക്കുകള്‍ വ്യക്തമാക്കുന്നത് രാജ്യത്തെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തല്‍. യുദ്ധം ഉടന്‍ അവസാനിച്ചാലും സമ്പൂര്‍ണ്ണമായ സാമ്പത്തിക ആഘാതം ഒഴിവാക്കാനാകില്ലെന്ന് മുന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നയ സമിതി അംഗവും ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സിലെ സീനിയര്‍ ഉപദേഷ്ടാവുമായ മൈക്കിള്‍ സാന്റേഴ്സ് മുന്നറിയിപ്പ് നല്കി. ഇന്ധനവിലയും അവശ്യവസ്തുക്കളുടെ വിലയും ഉയര്‍ന്നതോടെ ഓരോ കുടുംബത്തിനും വര്‍ഷത്തില്‍ ശരാശരി 730 പൗണ്ടിന്റെ അധിക ചെലവ് വരും.