ലണ്ടന്‍: യുകെയിലെ ഗ്ലോസ്റ്ററില്‍ മലയാളി യുവതി ഓടിച്ച കാര്‍ അപകടത്തില്‍ തദ്ദേശീയ വനിതയ്ക്ക് ദാരുണാന്ത്യം. ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച യുവതി അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗ്ലോസ്റ്ററിലെ പ്രമുഖ കെയര്‍ഹോമിലെ ജീവനക്കാരിയാണ് അപകടമുണ്ടാക്കിയ യുവതി. കുവൈത്തില്‍ നിന്നെത്തിയ ഇവര്‍ യുകെ ലൈസന്‍സ് ഇല്ലാതെയായിരുന്നു വാഹനം ഓടിച്ചത്. മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിനും അപകടം സൃഷ്ടിച്ചതിനും ഇവര്‍ക്കെതിരെ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനാല്‍ അറസ്റ്റ് നടപടികള്‍ വൈകുന്നതായി വിവരം. അതേസമയം, ശനിയാഴ്ച ബെക്സില് നടന്ന മറ്റൊരു കാര്‍ അപകടത്തില്‍ പരുക്കേറ്റ തിരുവനന്തപുരം വെട്ടുകാട് സ്വദേശി ബെന്ഹര് ബെര്‍ണാര്‍ഡ് (33) അന്തരിച്ചു. വിദ്യാര്‍ത്ഥി വിസയിലാണ് ബെന്ഹര് യുകെയില്‍ എത്തിയിരുന്നത്.