ഇന്ത്യ വീണ്ടും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ നേരിടുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ ഇനി എത്തുമോ എന്നറിയാന്‍ ലോകം ആകാംക്ഷയോടെ ഇന്ത്യയിലേക്ക് നോക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയില്‍ നിന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയ നരേന്ദ്രമോദി നടത്തിയ വിദേശ പര്യടനങ്ങളാണ് ഇന്ത്യയിലേക്ക് ആഗോള ശ്രദ്ധ ആകര്‍ഷിച്ചത്. ഗുജറാത്തിലെ വര്‍ഗീയ കലാപങ്ങള്‍ക്കു ശേഷം മോദിക്ക് വീസ നിഷേധിച്ച അമേരിക്കയുടെ സുഹൃത്തായി മോദി മാറിയത് സമീപകാല ചരിത്രം. നരേന്ദ്രമോദി അധികാലത്തിലേറുമ്പോള്‍ പ്രചരിപ്പിക്കപ്പെട്ടതുപോലെ വര്‍ഗീയമായ ചേരിതിരിവ് കഴിഞ്ഞ പാര്‍ലമെന്ററി ടേമില്‍ ഉണ്ടായില്ല. ഇന്ത്യ സാമ്പത്തികമായി നില മെച്ചപ്പെടുത്തി. തൊഴില്‍ മേഖല പതിവു പോലെ തുടര്‍ന്നു. ദരിദ്രര്‍ ദരിദ്രരായും സമ്പന്നര്‍ സമ്പന്നരായും നില നിന്നു. വ്യവസായം തളര്‍ന്നില്ല. ഇറക്കുമതിയും കയറ്റുമതിയും മാറിയില്ല. അതേസമയം ഇന്ധനവില കുതിച്ചുയര്‍ന്നു, സാധാരണക്കാരന്‍ വിലപ്പെരുപ്പത്തില്‍ നെട്ടോട്ടം ഓടേണ്ടി വന്നു. നോട്ട് നിരോധനം കള്ളപ്പണക്കാരുടെ നട്ടെല്ലൊടിച്ചു. ബാങ്കുകള്‍ ശക്തിപ്പെട്ടു. സ്വര്‍ണത്തിന് വില കൂടി. ജിഎസ്ടിയിലൂടെ സര്‍ക്കാരിന് നികുതി കിട്ടി, കച്ചവടക്കാരുടെ അധികലാഭം കുറഞ്ഞു. റിയല്‍ എസ്റ്റേറ്റ് കച്ചവടം നടത്തി കോടികള്‍ കൊയ്തവര്‍ വേറെ പണി നോക്കേണ്ടി വന്നു. ഭീകരവാദികള്‍ ചെറുതായെങ്കിലും ഭയന്നു. പോത്തിറച്ചി നിരോധിച്ചത് ഒരു വിഭാഗത്തെ വല്ലാതെ ആശങ്കയിലാക്കി. ഒടുവില്‍ കേന്ദ്ര സര്‍ക്കാരിന് തീരുമാനം മാറ്റേണ്ടി വന്നു. പ്രധാനമന്ത്രിയുടെ പാര്‍ത്തിയില്‍ ബിജെപി അധ്യക്ഷനായ അമിത്ഷായുടെ നിയന്ത്രണം, വന്‍കിട ബിസിനസുകാര്‍ക്കു പ്രോത്സാഹനം തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് വരുന്ന തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ നേരിടുന്നു. വിദേശ രാജ്യങ്ങളുമായി നടത്തിയ വന്‍കിട കച്ചവടങ്ങളില്‍ തട്ടിപ്പു കാണിച്ചെന്നുള്ള ആരോപണവും നരേന്ദ്രമോദിക്കു ലഭിക്കുന്ന ഹിന്ദുത്വ പിന്തുണയും ഇലക്ഷനില്‍ ചോദ്യം ചെയ്യപ്പെടണം. ഇന്ത്യയുടെ സുരക്ഷയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗമനത്തിനും നേതൃത്വം നല്‍കുന്നവര്‍ അധികാരത്തില്‍ വരണം. ബിജെപി, കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് വ്യത്യാസമില്ലാതെ ഇക്കാര്യത്തില്‍ ഓരോരുത്തരും തീരുമാനം കൈക്കൊള്ളണം.
പലരും വോട്ടെടുപ്പിന് നാട്ടിലേയ്ക്ക് പോകാനുള്ള തീരുമാനം നേരത്തെ എടുത്തിരുന്നു. തിയതികള്‍ പ്രഖ്യാപിച്ചതോടെ ഇനി വിമാന ടിക്കറ്റ് ബുക്ക് ചെയ്യണം. പ്രവാസി സംഘടനകള്‍ വോട്ടവകാശം വിനിയോഗിക്കാന്‍ താത്പര്യമുള്ളവരെ മുന്‍പ് വിമാനം ചാര്‍ട് ചെയ്തു കൊണ്ടുപോയ ചരിത്രവുമുണ്ട്. പ്രത്യേകിച്ച്, രാഷ്ട്രീയ പോഷക സംഘടനകള്‍. ഇപ്രാവശ്യവും അതുണ്ടായ്ക്കൂടെന്നില്ല. രാഷ്ട്രീയം ഹരമായി കാണുന്നവര്‍ പ്രചാരണത്തിനും പോകാനൊരുങ്ങുന്നു. ബിസിനസുകാരാണ് ഇത്തരക്കാരില്‍ കൂടുതല്‍. നേരത്തെ, അവധി പറഞ്ഞുറപ്പിച്ചിരുന്നവരും ഇവരോടൊപ്പമുണ്ടാകും.
വോട്ടെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതോടെ പ്രവാസിക്കൂട്ടത്തിലും ചര്‍ച്ചയ്ക്ക് ചൂടു പിടിച്ചു തുടങ്ങി. ഇപ്രാവശ്യമെങ്കിലും തങ്ങളുടെ സമ്മതിദാനാവകാശം പ്രവാസ ലോകത്ത് നിന്ന് വിനിയോഗിക്കാനാകുമെന്ന പ്രതീക്ഷ പക്ഷേ, അസ്ഥാനത്ത് തന്നെ. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് പ്രവാസികള്‍ക്ക് നാട്ടില്‍ പകരക്കാരെ ഉപയോഗിച്ച് വോട്ടു ചെയ്യാന്‍ (പ്രോക്‌സി വോട്ട്) അനുവദിക്കുന്ന ജനപ്രാതിനിധ്യ ബില്‍ ലോകസഭ പാസാക്കിയത്. ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അന്തിമ രൂപം നല്‍കുകയും ചെയ്തു. പക്ഷേ, പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കാത്തതിനാല്‍ അത് കടലാസിലൊതുങ്ങിയതല്ലാതെ ഇപ്രാവശ്യം ലോക സഭാ തിരഞ്ഞെടുപ്പില്‍ നടപ്പിലാകില്ല.
ബൊഫോഴ്‌സ് മുതല്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വരെയുള്ള അഴിമതിയാരോപണങ്ങള്‍ക്കു പ്രതിപക്ഷത്തിന്റെ മറുപടിയാണു റഫാല്‍. സിഎജി റിപ്പോര്‍ട്ട് പ്രത്യക്ഷത്തില്‍ സര്‍ക്കാരിന് അനുകൂലമെങ്കിലും ബാങ്ക് ഗാരന്റിയില്ലാത്തതും 'സോവ്‌റിന്‍ ഗാരന്റി'യില്ലാത്തതും ചോദ്യങ്ങളുയര്‍ത്തുന്നു. പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിനെ ഒഴിവാക്കി, റിലയന്‍സിനു 30,000 കോടി രൂപയുടെ സഹായം നല്‍കി. തുടക്കത്തിലുയര്‍ന്ന അതേ ആക്ഷേപങ്ങള്‍ ഇന്നും സജീവം.
മുത്തലാഖ് നിരോധന ബില്‍ രാജ്യസഭയുടെ കടമ്പയില്‍ കുടുങ്ങിയെങ്കിലും സര്‍ക്കാര്‍ തുടര്‍ ഓര്‍ഡിനന്‍സുകളിലൂടെ നിലപാട് വ്യക്തമാക്കുന്നു. ഇതും ഭൂരിപക്ഷ സമുദായത്തിനുള്ള വ്യക്തമായ സന്ദേശം. വ്യക്തമായ മതവിവേചനം ആരോപിക്കപ്പെടുന്ന പൗരത്വ ബില്ലിനു പിന്നിലും ഇതേ സന്ദേശം.
ജിഎസ്ടി വന്നതോടെ കീടനാശിനികള്‍ക്കും ജല പമ്പുകള്‍ക്കും ജലസേചന പൈപ്പുകള്‍ക്കും വിലകൂടി. ഈ വെല്ലുവിളികളെല്ലാം മറികടന്നു നല്ല വിളവു നേടിയാലും വിപണിയില്‍ ഒട്ടും വിലയില്ല. സവാളയും തക്കാളിയും റോഡില്‍ തള്ളേണ്ട അവസ്ഥ. നാടെങ്ങും കര്‍ഷക പ്രതിഷേധത്തിന്റെ ജ്വാലകള്‍ ഉയര്‍ന്നതങ്ങനെ. സന്നദ്ധസംഘടനകളുടെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും പിന്തുണയോടെ അവര്‍ ഭരണകേന്ദ്രങ്ങളെ വെല്ലുവിളിക്കുന്നു. 6,000 രൂപ പ്രതിവര്‍ഷ സഹായധനത്തിലൂടെ പ്രതിഷേധജ്വാല അണയുമോ?
എന്നാല്‍, പുല്‍വാമ ആക്രമണത്തോടെ മറ്റെല്ലാ വിഷയങ്ങളും തല്‍ക്കാലമെങ്കിലും പിന്നോട്ടു പോയി. ദേശീയതയും രാജ്യസുരക്ഷയും മുഖ്യ തിരഞ്ഞെടുപ്പു വിഷയങ്ങളാക്കാന്‍ ബിജെപി തീരുമാനിക്കുകയും ചെയ്തു. മുന്‍ഗണനകള്‍ ഇനിയും എങ്ങനെയൊക്കെ മാറിമറിയുമെന്ന് ഇപ്പോഴും പറയാന്‍ വയ്യ.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക്. ഏഴു ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാക്കുമെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഏപ്രില്‍ 11ന് തുടങ്ങുന്ന വോട്ടെടുപ്പ് മേയ് 19ന് അവസാനിക്കും. മേയ് 23ന് ആണ് വോട്ടെണ്ണല്‍. ഏപ്രില്‍ 23ന് മൂന്നാംഘട്ടത്തിലാണു കേരളത്തില്‍ തിരഞ്ഞെടുപ്പ്. ഏപ്രില്‍ 11, 18, 23, 29, മേയ് 6, 12, 19 തീയതികളിലായാണു ഏഴു ഘട്ടങ്ങള്‍.
ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം, ഒഡിഷ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഇപ്പോഴില്ല. മാര്‍ച്ച് 9 വരെ ഒഴിവുള്ള നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളും ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തും. |