കേരളം രണ്ടാം തവണയും വലിയൊരു വെള്ളപ്പൊക്കം നേരിട്ടു. കഴിഞ്ഞ വര്‍ഷം വെള്ളം പൊങ്ങിയത് തെക്കന്‍ ജില്ലകളിലായിരുന്നു. ഇക്കുറി അതു വടക്കോട്ടു മാറി. രണ്ടിടത്തും നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ശേഷിച്ചവര്‍ക്ക് സര്‍വസ്വവും ഇല്ലാതായി. പ്രകൃതി ദുരന്തങ്ങള്‍ പ്രവചിക്കാന്‍ മാത്രമേ കഴിയൂ. തടയാന്‍ കഴിയില്ല - വാസ്തവം. എന്നാല്‍, ഇത്രത്തോളം നാശം ഉണ്ടാകാനുള്ള കാരണം കണ്ടെത്താന്‍ ശ്രമം ഉണ്ടായില്ല. അടുത്ത തവണ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ വേണ്ടത്ര മുന്‍കരുതലുകളും ഉണ്ടായില്ല. ദുരിതാശ്വാസത്തിന്റെ പിരിവും അതു സംബന്ധിച്ച തര്‍ക്കങ്ങളുമായി ഒരു വര്‍ഷം കടന്നു പോയി. നഷ്ടം ഉറ്റവരെയും ബന്ധുക്കളെയും നഷ്ടപ്പെട്ടവര്‍ക്കു മാത്രം. വീടും കുടുംബവും ഇല്ലാതായവര്‍ക്കു മാത്രം. ഒരായുസ്സു മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയതെല്ലാം നഷ്ടപ്പെട്ടവര്‍ക്കു മാത്രം.
പശ്ചിമഘട്ട മലനിരയില്‍ എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യരുതെന്ന് അതേക്കുറിച്ച് പഠനം നടത്തിയ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലകളിലെ ക്വാറികള്‍, മണ്ണെടുപ്പ്, മണ്ണുമാന്തി യന്ത്രങ്ങള്‍, കെട്ടിടങ്ങള്‍, മരം വെട്ടല്‍, വഴി തെളിക്കല്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ അരുതെന്ന് ആ റിപ്പോര്‍ട്ട് കണിശമായി പറഞ്ഞു. നാലഞ്ചു വര്‍ഷത്തിനുള്ളില്‍ വന്‍ പ്രകൃതി ക്ഷോഭം നേരിടേണ്ടി വരുമെന്ന് ആ റിപ്പോര്‍ട്ട് അക്കമിട്ടു മുന്നറിയിപ്പു നല്‍കി. ന്യൂസ് ചാനലുകള്‍ അതേക്കുറിച്ച് ചര്‍ച്ച നടത്തി, പത്രങ്ങള്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. പക്ഷേ, സ്ഥലം വാങ്ങാനും മലയുടെ മുകളില്‍ വീടു വയ്ക്കാനും അപ്പാര്‍ട്‌മെന്റുകള്‍ നിര്‍മിച്ച് കോടികളുണ്ടാക്കാനും ആര്‍ത്തി മൂത്തവര്‍ അതൊന്നും കണ്ടതായി നടിച്ചില്ല. വാട്ടര്‍ ഫ്രണ്ട് അപ്പാര്‍ട്ട്‌മെന്റുകള്‍ കെട്ടി പുഴയുടെ അരികില്‍ വെള്ളം ഒഴുകാനുള്ള സ്ഥലം കുന്നാക്കി. പാടങ്ങളില്‍ വില്ലാ പ്രൊജക്ടിനു വേണ്ടി മണ്ണിട്ടു നികത്തി. മഴ പെയ്തുണ്ടാകുന്ന വെള്ളം ഒഴുകി പോകാനുള്ള സമതലങ്ങളില്‍ മുഴുവന്‍ തോന്നുംപടി കണ്‍സ്ട്രക്ഷന്‍ നടത്തി. എല്ലാറ്റിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കി. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ അവര്‍ക്ക് കൂട്ടു നിന്നു. ഒടുവില്‍ കനത്ത മഴ പെയ്തപ്പോള്‍ വെള്ളം ഒഴുകി പോകാന്‍ ചാലുകള്‍ ഇല്ലാതായി. വെള്ളം കെട്ടികിടക്കാന്‍ പാടങ്ങളും ഇല്ലാതായി. പണ്ടൊരിക്കലും വെള്ളം കേറാത്ത കുന്നിന്‍പ്രദേശങ്ങളിലേക്കു പോലും വെള്ളം പൊങ്ങി. ബലം നഷ്ടപ്പെട്ട മലകള്‍ പാറ സഹിതം ഇടിഞ്ഞിറങ്ങി. ഒരു ഗ്രാമം അപ്പാടെ ഇല്ലാതായി. എണ്‍പത്തഞ്ചു പേര്‍ക്ക് കൂട്ടത്തോടെ ജീവന്‍ നഷ്ടപ്പെട്ടു. ഉത്തരവാദിത്തം പറയേണ്ടത് നമ്മള്‍ തന്നെയാണ്. ദുരന്തം വിതയ്ക്കാന്‍ കൂട്ടു നിന്നത് നമ്മളൊക്കെയാണ്.
മാധവ് ഗാഡ്ഗില്‍ ഇതു നേരത്തേ തന്നെ പറഞ്ഞിരുന്നു.
'പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നതു വലിയ ദുരന്തമാണ്. അതിനു നിങ്ങള്‍ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വര്‍ഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണു കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങള്‍ക്കു തന്നെ മനസ്സിലാകും.'– 2013ല്‍ മാധവ് ഗാഡ്ഗില്‍ പങ്കുവച്ച ഈ ആശങ്കയാണു സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. 'ഒരിക്കല്‍ അവര്‍ മാധവ് ഗാഡ്ഗിലിനെ പരിഹസിച്ചു. ഇന്ന് കാലം പറയുന്നു, ഗാഡ്ഗിലായിരുന്നു ശരി!' എന്ന അടിക്കുറിപ്പിനൊപ്പം അദ്ദേഹത്തിന്റെ ചിത്രങ്ങളും നിരവധി പേര്‍ പോസ്റ്റ് ചെയ്തു. 2011 ഓഗസ്റ്റ് 31ന് ആണ് കേന്ദ്ര സര്‍ക്കാരിനു സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേരളത്തെ ഇളക്കിമറിച്ച പരിസ്ഥിതി സമസ്യയായി മാറാനായിരുന്നു ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനു യോഗം.
അമിതമായ ചൂഷണം താങ്ങാനാവാതെ അടുത്ത തവണ പ്രകൃതി പ്രതികരിക്കുന്നത് എങ്ങനെയെന്നു പ്രവചിക്കാനാവില്ല. പ്രഹരം ഇത്തവണത്തേതിനെക്കാള്‍ മാരകം ആവാതിരിക്കാന്‍ ഇനിയെങ്കിലും മാധവ് ഗാഡ്ഗില്‍ തയാറാക്കിയ പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ മനസ്സിലാക്കുക. ബോധ്യപ്പെടുവെങ്കില്‍ നമ്മുടെ ഇളം തലമുറയ്ക്കായി അതൊക്കെ പാലിക്കാന്‍ ശ്രമിക്കുക. ദുരന്തം വന്നതിനു ശേഷം ആകുലപ്പെടുന്നതല്ല ബുദ്ധി. ദുരന്തത്തിനു മുന്‍പേ ദുരിതം തിരിച്ചറിയുന്നതാണ് ബുദ്ധി.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് : -
ഇന്ത്യയുടെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പശ്ചിമഘട്ട മലനിരകളും അതിനോടനുബന്ധിച്ച പ്രദേശങ്ങളും അടങ്ങുന്ന പാരിസ്ഥിതിക വ്യൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റിന്റെ വനം പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ച വിദഗ്ദ്ധ സമിതിയാണ് പശ്ചിമഘട്ട പരിസ്ഥിതിവിദഗ്ദ്ധ സമിതി (വെസ്റ്റേണ്‍ ഘട്ട് ഇക്കോളജി എക്‌സ്പര്‍ട്ട് പാനല്‍ WGEEP). ജൈവ വൈവിദ്ധ്യ പരിസ്ഥിതി സംരക്ഷണ മേഖലകളിലെ 14 വിദഗ്ദ്ധര്‍ അടങ്ങിയ ഈ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട്, അതിന്റെ അദ്ധ്യക്ഷനായിരുന്ന മാധവ് ഗാഡ്ഗിലിന്റെ പേരില്‍ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് എന്നാണ് അറിയപ്പെടുന്നത്.
പശ്ചിമഘട്ടത്തിന്റെ അതിരുകള്‍: -
പരിസ്ഥിതിലോലമെന്ന വിഭാഗത്തില്‍ പെടുത്തേണ്ട പശ്ചിമഘട്ടത്തിന്റെ അതിരുകള്‍ ഏതെന്നതാണ് സമിതി പ്രധാനമായും നിര്‍ണ്ണയിച്ച ഒരു കാര്യം. മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ കൂടി അറബിക്കടലിന് സമാന്തരമായി കടന്നുപോകുന്ന ഏതാണ്ട് 1490 കി.മീ. ദൈര്‍ഘ്യവും കുറഞ്ഞത് 48 കി.മീ. മുതല്‍ 210 കി.മീ. വരെ പരമാവധി വീതിയും 129037 ചതുരശ്ര കി.മീ വിസ്തൃതിയുമുള്ള പശ്ചിമഘട്ട മലനിരകളാണ് സമിതിയുടെ പഠനത്തിന് വിധേയമായത്. ഇത് മഹാരാഷ്ട്രയിലെ താപി നദിയുടെ തീരത്തുനിന്നും ആരംഭിച്ച് തെക്കോട്ട് കന്യാകുമാരിയില്‍ വരെ വ്യാപിച്ചു കിടക്കുന്നു.
പരിസ്ഥിതിലോല മേഖലകള്‍: -
ഗാഡ്ഗില്‍ സമിതിയുടെ കാതലും ഏറെ വിവാദങ്ങള്‍ക്ക് കാരണമായതുമായ ഘടകമാണ് സമിതി നിര്‍ണ്ണയിച്ച മൂന്ന് പരിസ്ഥിതിലോല മേഖലകള്‍. താലൂക്ക് അടിസ്ഥാനിത്തിലാണ് സമിതി ഇവയെ നിര്‍ണ്ണയിച്ചത്. എന്നാല്‍ ഒരു താലൂക്കും പൂര്‍ണ്ണമായി ഒരു പരിസ്ഥിതിലോല മേഖലയില്‍ പൂര്‍ണ്ണമായി വരുന്നില്ല. പഞ്ചായത്തുകളാണ് ഓരോ മേഖലയുടെയും അതിരുകള്‍ നിശ്ചയിക്കേണ്ടത് എന്ന വികേന്ദ്രീകരണപക്ഷമാണ് സമിതി ഇക്കാര്യത്തില്‍ കൈക്കൊണ്ടത്.[6] പശ്ചിമഘട്ടത്തില്‍ വരുന്ന 44 ജില്ലകളിലെ 142 താലൂക്കുകളില്‍നിന്ന് 134 പരിസ്ഥിതിലോല മേഖലകളാണ് സമിതി തിരിച്ചറിഞ്ഞത്. കേരളത്തിലെ 75 താലൂക്കുകളില്‍ നിന്ന് 25 എണ്ണമാണ് പരിസ്ഥിതി ലോലമായി തിരിച്ചറിഞ്ഞത്. ഇവയില്‍ 15 എണ്ണം മേഖല 1ലും 2 എണ്ണം മേഖല 2ലും 8 എണ്ണം മേഖല 3ലും പെടുന്നു.
റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ ഗാഡ്ഗില്‍ പറയുന്നതിങ്ങനെ: 'ഗോദാവരി, കൃഷ്ണ, നേത്രാവതി, കാവേരി, കുന്തി, വൈഗൈ എന്നീ മഹാനദികള്‍ക്കു പുറമെ ഒട്ടനേകം ചെറുനദികള്‍ക്കും പുഴകള്‍ക്കും ജീവജലം നല്‍കി സംരക്ഷിക്കുന്ന പ്രകൃതി മാതാവിന്റെ സ്ഥാനമാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡ!ത്തിന്റെ പൈതൃകമായ പശ്ചിമഘട്ടത്തിനുള്ളത്. കന്യകയോടാണു കാളിദാസന്‍ ഉപമിച്ചത്. അഗസ്ത്യമല ശിരസ്സായും, താഴെ അണ്ണാമലയും നീലഗിരിയും ഉയര്‍ന്ന മാറിടങ്ങളായും, പരന്നുരുണ്ട കാനറ, ഗോവ മലകള്‍ മനോഹരമായ നിതംബങ്ങളായും, ഉത്തര സഹ്യാദ്രി മലകളെ നീട്ടി പിളര്‍ത്തിയ കാലുകളായും കാളിദാസന്‍ വര്‍ണിച്ചിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ഹരിതമേലാപ്പിന്റെ കട്ടിയായ പച്ചപ്പട്ട് പുതച്ച് പ്രൗഢയായി വിരാജിച്ച അവളിന്ന് അതിന്റെ കീറിപ്പറിഞ്ഞ അവശിഷ്ടങ്ങള്‍ ചുറ്റി നാണം മറയ്ക്കാനാവാതെ കേഴുന്ന സ്ഥിതിയിലാണ്. ദരിദ്രരുടെ വിശപ്പടക്കാനുള്ള പരാക്രമത്തേക്കാള്‍ അതിസമ്പന്നരുടെ അടക്കി നിര്‍ത്താനാവാത്ത ആര്‍ത്തിയുടെ കൂര്‍ത്ത നഖങ്ങളാണ് ഈ അവസ്ഥയ്ക്കു കാരണമെന്നതു ചരിത്രസത്യം..' |