Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 05th Oct 2024
 
 
UK Special
  Add your Comment comment
റോഡു മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഗുരുതര പരുക്കേറ്റ യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു
reporter

ലങ്കാഷെയര്‍: യുകെയില്‍ ഗര്‍ഭിണിയായ മലയാളി യുവതിയെ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ ഇടിച്ചു തെറിപ്പിച്ച സംഭവത്തില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചതായി ലങ്കാഷെയര്‍ പൊലീസ് അറിയിച്ചു. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ കൂടുതല്‍ അറസ്റ്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ലങ്കാഷെയറിന് സമീപം ബാംബര്‍ ബ്രിഡ്ജില്‍ വച്ച് ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ വയനാട് സ്വദേശിനിയായ യുവതി ഇപ്പോള്‍ ചികിത്സയില്‍ തുടരുകയാണ്. ഞായറാഴ്ച രാത്രി പതിവു പോലെ ജോലി കഴിഞ്ഞ് മടങ്ങവേയാണ് സീബ്രാ ലൈനില്‍ വച്ച് യുവതിയെ കാര്‍ ഇടിച്ചു തെറിപ്പിച്ചത്. വയനാട് മീനങ്ങാടി സ്വദേശിനിയായ 30 കാരിയാണ് അപകടത്തില്‍പ്പെട്ടത്. രണ്ടു വര്‍ഷം മുമ്പാണ് യുവതിയും ഭര്‍ത്താവും സ്റ്റുഡന്റ് വീസയില്‍ യുകെയില്‍ എത്തുന്നത്. തുടര്‍ന്ന് നഴ്സിങ് ഹോമില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു.

യുവതിയെ ഇടിച്ച ശേഷം നിര്‍ത്താതെ പോയ ടൊയോട്ട പ്രിയസ് കാര്‍ ബോള്‍ട്ടാണില്‍ നിന്നും പൊലീസ് കണ്ടെത്തി. സംഭവ ദിവസം മുതല്‍ ശക്തമായ അന്വേഷണം നടത്തുന്ന പൊലീസ് ഇത് വരെ 6 പേരെയാണ് അറസ്റ്റ് ചെയ്തത്. 16, 17, 19, 40, 53 വയസ്സ് വീതം പ്രായമുള്ളവരാണ് അറസ്റ്റിലായത്. ഇതില്‍ സംഭവ ദിവസം അറസ്റ്റിലായ 16, 17 വയസ്സ് വീതം പ്രായമുള്ള 2 പേരും തുടര്‍ന്ന് അറസ്റ്റിലായ 53 കാരനും ജാമ്യത്തിലിറങ്ങി. മരണത്തിന് കാരണമാകുന്ന തരത്തില്‍ വാഹനം ഓടിച്ചതിന്റെ പേരില്‍ വാള്‍ട്ടണ്‍ ലെ ഡെയ്ലില്‍ നിന്നുള്ള 19 കാരനായ യുവാവ് ഇന്നലെ രാത്രി അറസ്റ്റിലായിട്ടുണ്ട്. കൂടാതെ ലോസ്റ്റോക്ക് ഹാളില്‍ നിന്നുള്ള 17 വയസ്സുള്ള പെണ്‍കുട്ടിയും ബ്ലാക്ക്‌ബേണില്‍ നിന്നുള്ള 40 വയസ്സുള്ള ഒരു പുരുഷനും കുറ്റവാളിയെ സഹായിച്ചതിനും അന്വേഷണത്തിന്റെ ഗതി തെറ്റിക്കാന്‍ ശ്രമിച്ചതിനും അറസ്റ്റിലായി. ഇതില്‍ പെണ്‍കുട്ടി അപകട സമയത്ത് കാറിനുള്ളില്‍ ഉണ്ടായിരുന്നതായാണ് സൂചന.

ഒരു കൊച്ചു കുഞ്ഞിന്റെ മരണത്തില്‍ കലാശിക്കുകയും അമ്മയെ വളരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരികയും ചെയ്ത സംഭവത്തില്‍ ഇരയുടെ ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒപ്പമാണ് തങ്ങളെന്നും, അന്വേഷണത്തില്‍ ശക്തമായ പുരോഗതി കൈവരിച്ചുവെന്നും ലങ്കാഷെയര്‍ പൊലീസിലെ ഫോഴ്സ് മേജര്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ ഡിറ്റക്റ്റീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ ആന്‍ഡി ഫാലോസ് പറഞ്ഞു. അപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നവര്‍ തുടര്‍ന്നും ബന്ധപ്പെടണമെന്ന് ആന്‍ഡി ഫാലോസ് കൂട്ടിച്ചേര്‍ത്തു. ഏതെങ്കിലും സിസിടിവി, ഡാഷ്‌ക്യാം അല്ലെങ്കില്‍ മൊബൈല്‍ ദൃശ്യങ്ങള്‍ ഉള്ളവര്‍ വിവരങ്ങള്‍ കൈമാറണം എന്നാണ് അഭ്യര്‍ഥന. വിവരങ്ങള്‍ 101 എന്ന നമ്പറില്‍ വിളിച്ച് സെപ്റ്റംബര്‍ 29 ലെ ലോഗ് 1163 എന്ന റഫറന്‍സില്‍ വിളിച്ചു പറയുകയോ SCIU@lancashire.police.uk ലേക്ക് ഇമെയില്‍ അയക്കുകയോ ചെയ്യാം. വിളിക്കുന്ന ആളിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താതെ സ്വതന്ത്ര ചാരിറ്റിയായ ക്രൈംസ്റ്റോപ്പേഴ്‌സുമായി 0800 555 111 എന്ന നമ്പരിലോ crimestoppers.org ല്‍ ഓണ്‍ലൈന്‍ വഴിയോ ബന്ധപ്പെടാം.

 
Other News in this category

 
 




 
Close Window