Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.2268 INR  1 EURO=105.7753 INR
ukmalayalampathram.com
Thu 25th Dec 2025
 
 
UK Special
  Add your Comment comment
അയര്‍ലണ്ടില്‍ കാര്‍ പുഴയിലേക്കു മറിഞ്ഞ് മലയാളി യുവാവ് മരിച്ചു: അപകടം രാത്രിയില്‍ ഡ്യൂട്ടി കഴിഞ്ഞു മടങ്ങുമ്പോള്‍
Text By: UK Malayalam Pathram
കോര്‍ക്കിലെ യോള്‍ബാലിനയില്‍ കുടുംബമായി താമസിച്ചിരുന്ന ഇടുക്കി അടിമാലി കമ്പംമെട്ട് സ്വദേശി ജോയ്‌സ് തോമസ് (34) ആണ് വിടപറഞ്ഞത്. കോര്‍ക്കിലെ കോന റോഡിന് (R628) സമീപമുള്ള ബ്രൈഡ് നദിയില്‍ വെള്ളിയാഴ്ച രാത്രിയാണ് ജോയ്‌സ് സഞ്ചരിച്ചിരുന്ന കാര്‍തെന്നി മറിഞ്ഞത്. മിഡില്‍ടണിനടുത്തുള്ള ബാലിന്‍കൂറിങ് കെയര്‍ സെന്ററിലെ കിച്ചന്‍ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു.

രാത്രി എട്ടിന് ഷിഫ്റ്റ് കഴിഞ്ഞു അരമണിക്കൂര്‍ ദൂരത്തിലുള്ള വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. കനത്ത മഴയും കാറ്റുമുണ്ടായതിനെ തുടര്‍ന്നാണ് കാര്‍ റോഡില്‍ നിന്നും ഏറെ താഴ്ചയുള്ള നദിയിലേക്ക് തെന്നി വീണത് എന്നാണ് പ്രാഥമിക നിഗമനം. സാധാരണയായി വീട്ടില്‍ എത്തേണ്ട സമയം കഴിഞ്ഞിട്ടും ജോയ്‌സിനെ കാണാതായതോടെ പരിഭ്രാന്തയായ ഭാര്യ ജോയ്‌സിന്റെ സുഹൃത്തുക്കളെ സഹായം തേടി വിവരം അറിയിച്ചു. തുടര്‍ന്ന് അവര്‍ നടത്തിയ പ്രാഥമിക തിരച്ചിലില്‍ യാതൊരു വിവരവും ലഭിക്കാത്തതിനാല്‍ ഗാര്‍ഡയെ (പൊലീസ്) വിവരം അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയാണ് ജോയ്‌സിന്റെ മൃതദേഹം കണ്ടെത്തുന്നത്. നദിയില്‍ മുങ്ങിയ നിലയില്‍ കിടന്ന കാറില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. കോര്‍ക്കില്‍ നഴ്‌സായി ജോലി ചെയ്യുന്ന റൂബി കുര്യാക്കോസ് ആണ് ഭാര്യ. മക്കള്‍: ജാക്വലിന്‍ (രണ്ടര വയസ്സ്), ജാക്വസ് (5 മാസം). ഇടുക്കി കമ്പംമെട്ട് കര്‍ണാപുരം തോമസ് വിലങ്ങുപാറ - ശോശാമ്മ ദമ്പതികളുടെ മകനാണ്. സഹോദരി: റൂബി. മൃതദേഹം കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. നാട്ടില്‍ കര്‍ണാപുരം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇടവകാംഗങ്ങളാണ് ജോയ്‌സിന്റെ കുടുംബാംഗങ്ങള്‍.

അപകടത്തെ തുടര്‍ന്ന് നടത്തുന്നതിന് കോന റോഡ് അടച്ചിരുന്നു. അപകടത്തിന് ദൃക്സാക്ഷികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഗാര്‍ഡയുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

രണ്ട് വര്‍ഷം മുന്‍പ് ജോലി ലഭിച്ചു അയര്‍ലന്‍ഡില്‍ എത്തിയ ഭാര്യ റൂബിയുടെ ആശ്രിത വീസയിലാണ് ജോയ്‌സ് ഒരുവര്‍ഷം മുന്‍പ് കോര്‍ക്കില്‍ എത്തുന്നത്. ഇവിടെ വന്ന ശേഷമാണ് നാലരമാസം മുന്‍പ് രണ്ടാമത്തെ കുഞ്ഞു ജനിച്ചത്. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതേ തുടര്‍ന്ന് ജോയ്‌സിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനും കുടുംബത്തെ സഹായിക്കാനായി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഗോഫണ്ട് വഴി ധനശേഖരണം ആരംഭിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window