ഒരു കാലത്ത് ഇന്ത്യന്‍ നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും സ്വപ്ന ഭൂമിയായിരുന്നു അമേരിക്കയും യുകെയുമൊക്കെ. മികച്ച ജോലി, ഉയര്‍ന്ന ജീവിത നിലവാരം, പ്രൊഫഷണല്‍ അംഗീകാരം എന്നിവയാണ് പലരെയും മെഡിസിന്‍ പഠനത്തിനു ശേഷം വിദേശത്തേക്ക് ആകര്‍ഷിച്ചത്. പ്രത്യേകിച്ച് യുകെ, ഇന്ത്യന്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ആദ്യത്തെ തിരഞ്ഞെടുപ്പായിരുന്നു.
എന്നാല്‍ സമ്പന്ന രാജ്യങ്ങള്‍ കുടിയേറ്റ നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ വിദേശ തൊഴിലവസരങ്ങള്‍ കുറയുകയും, ഇന്ത്യയെ അപേക്ഷിച്ച് ഉയര്‍ന്ന ജീവിതച്ചെലവും ജോലി സമ്മര്‍ദ്ദവും വിദേശത്തുള്ള താമസത്തെ കഠിനമാക്കുകയും ചെയ്തു. ഇതോടെ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ യുകെയെ ഉപേക്ഷിച്ച് മിഡില്‍ ഈസ്റ്റിലേക്കും ഓസ്‌ട്രേലിയയിലേക്കും കുടിയേറാന്‍ തുടങ്ങി.
യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ (NHS) ജോലി ചെയ്യുന്ന ഇന്ത്യന്‍ വംശജരായ ഡോക്ടര്‍മാര്‍ക്കിടയില്‍ രാജ്യം വിടാനുള്ള പ്രവണത വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പ്രധാന കാരണങ്ങള്‍
- ഉയര്‍ന്ന ജീവിതച്ചെലവ്: യുകെയിലെ ചെലവുകള്‍ ഇന്ത്യയെയും മറ്റു രാജ്യങ്ങളെയും അപേക്ഷിച്ച് കൂടുതലാണ്.
- കുറഞ്ഞ ശമ്പളം: ഓസ്‌ട്രേലിയ, കാനഡ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോള്‍ യുകെയിലെ വരുമാനം കുറവാണ്.
- നികുതി ഭാരവും പെന്‍ഷന്‍ ബാധ്യതയും: ഉയര്‍ന്ന ശമ്പള നിരക്കിലുള്ള ഒരു കണ്‍സള്‍ട്ടന്റ് തന്റെ വരുമാനത്തിന്റെ 45% ആദായ നികുതിയായും 2% ഇന്‍ഷുറന്‍സായും നല്‍കേണ്ടി വരുന്നു. കൂടാതെ പെന്‍ഷന്‍ ഇനത്തിലും വലിയൊരു തുക മാറ്റിവെക്കേണ്ടതുണ്ട്.
കുടിയേറ്റ നിയന്ത്രണങ്ങള്‍
പുതിയ കുടിയേറ്റ നയങ്ങള്‍ യുകെയില്‍ നിയമാനുസൃതമായി താമസിക്കുന്നവരെയും പ്രതികൂലമായി ബാധിക്കുന്നു. വര്‍ക്ക് വിസ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യക്കാര്‍ക്ക് നല്‍കിയ ഹെല്‍ത്ത് കെയര്‍ വിസകളില്‍ 67%യും നഴ്സുമാര്‍ക്കുള്ള വിസകളില്‍ 79%യും കുറവുണ്ടായി.
പരീക്ഷകളും തൊഴില്‍ സുരക്ഷയും
യുകെയില്‍ പ്രാക്ടീസ് ചെയ്യാന്‍ ആവശ്യമായ ജിഎംസി രജിസ്ട്രേഷനായി നടത്തുന്ന PLAB പരീക്ഷകള്‍ ചെലവേറിയതാണ്. വിജയിച്ചാലും തൊഴില്‍ സുരക്ഷ കുറവാണെന്നത് ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് വലിയൊരു പ്രശ്നമായി തുടരുന്നു.
സാമൂഹിക പ്രശ്നങ്ങള്‍
ഇന്ത്യക്കാരെതിരായ വംശീയ പ്രശ്നങ്ങള്‍ വര്‍ധിക്കുന്നതും, രോഗികള്‍ക്ക് ചികിത്സ ലഭിക്കാന്‍ നീണ്ട കാത്തിരിപ്പും, ജോലി സമ്മര്‍ദ്ദം കൂടുന്നതും ഡോക്ടര്‍മാരെ വിദേശത്തേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നു.
പുതിയ പ്രവണത
ഓസ്‌ട്രേലിയയിലെ കാലാവസ്ഥ ഇന്ത്യക്കാര്‍ക്ക് അനുകൂലമാണ്. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ തേടി പലരും ഓസ്‌ട്രേലിയയിലേക്കോ മിഡില്‍ ഈസ്റ്റിലേക്കോ പോകുന്നു. ഇന്ത്യയിലെ ആരോഗ്യ മേഖലയിലെ വളര്‍ച്ച കണക്കിലെടുത്ത് നാട്ടിലേക്ക് മടങ്ങുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുന്നു.
ഈ പ്രവണത തുടര്‍ന്നാല്‍, യുകെയിലെ ആരോഗ്യ രംഗത്ത് ഇന്ത്യന്‍ ഡോക്ടര്‍മാരുടെ പ്രാതിനിധ്യം വരും വര്‍ഷങ്ങളില്‍ ഗണ്യമായി കുറയാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു