ലണ്ടന്‍: സമൂഹമാധ്യമത്തില്‍ മനുഷ്യക്കടത്തിന് സഹായിക്കാമെന്ന് പരസ്യം ചെയ്ത 29 വയസുകാരനായ ഇന്ത്യന്‍ പൗരനെ യുകെ നാഷനല്‍ ക്രൈം ഏജന്‍സി (എന്‍സിഎ) അറസ്റ്റ് ചെയ്തു. ഇയാളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്‍സിഎയും വെസ്റ്റ് മിഡ്ലാന്‍ഡ്സ് പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് അനധികൃത കുടിയേറ്റത്തിന് സൗകര്യമൊരുക്കിയെന്ന കുറ്റം ചുമത്തിയാണ് ഇയാളെ പിടികൂടിയത്.
ട്രക്കുകള്‍ വഴി അനധികൃത കുടിയേറ്റക്കാരെ കടത്തുന്ന സംഘടിത കുറ്റകൃത്യ ശൃംഖലയ്ക്ക് വേണ്ടിയാണ് ഇയാള്‍ പ്രവര്‍ത്തിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും നിരവധി ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്ത് പരിശോധന നടത്തുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ഹോളിഹെഡ് റോഡിലെ വസതിയില്‍ നടത്തിയ റെയ്ഡില്‍, യുകെയില്‍ അനധികൃതമായി താമസിച്ചിരുന്ന മറ്റൊരാളെയും അറസ്റ്റ് ചെയ്തതായി എന്‍സിഎ അറിയിച്ചു. ഇയാളെ നാടുകടത്തുന്നതിനായി യുകെ ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം, യുകെയുടെ കുടിയേറ്റ നിയമം ലംഘിച്ചതിന് 2,715 ഇന്ത്യക്കാര്‍ തടവിലുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തടവിലായ ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം 108 ശതമാനം വര്‍ധിച്ച് ഏകദേശം ഇരട്ടിയായതായി ഓഗസ്റ്റില്‍ പുറത്തുവിട്ട ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു