|
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ മൂന്ന് ദിവസങ്ങളിലായി നടന്നു വന്ന അജപാലന സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി റോമിലേക്ക് മടങ്ങി. മാര്‍ ആലഞ്ചേരി കമ്മീഷന്‍ മെമ്പറായുള്ള സഭൈക്യത്തിനുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുവാനാണ് സീറോ മലബാര്‍ സഭാതലവന്‍ റോമിലേക്ക് മടങ്ങിയത്. നവംബര്‍ 1ന് റോമിലെ വിശുദ്ധ പൗലോസിന്റെ നാമത്തിലുള്ള ബസലിക്കയില്‍ വച്ച് യൂറോപ്പിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി നിയമിതനായ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ച ശേഷമായിരുന്നു കര്‍ദിനാള്‍ ആലഞ്ചേരി ഗ്രേറ്റ് ബ്രിട്ടനിലെത്തിയത്.
കഴിഞ്ഞ വെളിയാഴ്ച ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ വൈദികരും അഭിവന്ദ്യ ആലഞ്ചേരി പിതാവിനും സ്രാമ്പിക്കല്‍ പിതാവിനും ഒപ്പം സമ്മേളിച്ചതോടുകൂടിയായിരുന്നു സന്ദര്‍ശന പരിപാടികള്‍ തുടങ്ങിയത്. തലേ ദിവസം വൈകീട്ട് 6.30ന് പ്രെസ്റ്റന്‍ സെന്റ്. അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ മാര്‍ ആലഞ്ചേരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ബലിയര്‍പ്പിച്ച് പുതിയ രൂപതയ്ക്കും എല്ലാ അനുഗ്രഹങ്ങള്‍ക്കും വിശ്വാസ സമൂഹം നന്ദി പറഞ്ഞു.
വെള്ളിയാഴ്ചത്തെ വൈദിക സമ്മേളനത്തെ തുടര്‍ന്ന് വെള്ളി, ശനി, ഞായര്‍ തീയതികളിലായി ഷെഫീല്‍ഡ്, ലണ്ടന്‍, ബ്രിസ്‌റ്റോള്‍, മാഞ്ചസ്റ്റര്‍, സ്‌റ്റോക്ക് ഓണ്‍ ട്രെന്‍ഡ് എന്നിവടങ്ങളില്‍ അഭിവന്ദ്യ പിതാക്കന്മാരുടെ നേതൃത്വത്തില്‍ ബലിയര്‍പ്പിക്കാനും വിശ്വാസികളുമായി സമയം ചിലവഴിക്കാനും സൗകര്യമൊരുക്കിയിരുന്നു. എല്ലാ സ്ഥലങ്ങളിലും ഇടയന്മാരെ അടുത്തു കാണുവാനും സംസാരിക്കാനുമായി നിരവധി ആളുകളാണ് പ്രതികൂല കാലാവസ്ഥയെയും അവഗണിച്ചു എത്തിചേര്‍ന്നത്.
സീറോ മലബാര്‍ സഭാ തലവന്‍ തന്നെ എല്ലായിടത്തും ദിവ്യബലികള്‍ക്ക് നേതൃത്വം നല്‍കി വചന സന്ദേശം പങ്കുവച്ചു. മാര്‍ സ്രാമ്പിക്കല്‍, വികാരി ജനറാള്‍മാരായ വെരി. റവ. ഫാ. തോമസ് പാറയടിയില്‍, വെരി. റവ. ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍, വെരി. റവ. ഫാ. മാത്യു ചൂരപ്പൊയ്കയില്‍, മാര്‍ സ്രാമ്പിക്കലിന്റെ സെക്രട്ടറി റവ. ഫാ. ഫാന്‍സുവ പത്തില്‍ തുടങ്ങിയവരും ഓരോ സ്ഥലത്തും മറ്റു നിരവധി വൈദികരും ഈ പൊന്തിഫിക്കല്‍ ദിവ്യബലികളില്‍ സഹകാര്‍മ്മികരായി. എല്ലായിടത്തും വി. ബലിക്ക് ശേഷം ചെറിയ രീതിയില്‍ സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.
പുതിയ രൂപതയ്ക്ക് ദൈവത്തിനോട് നന്ദി പറയണമെന്നും ഇനി സഭ ഒരുക്കുന്ന ആത്മീയ അവസരങ്ങളോട് ചേര്‍ന്ന് നിന്ന് വിശ്വാസ സമൂഹം സഭാ ജീവിതം നയിക്കണമെന്നും മാര്‍ ആലഞ്ചേരി ഓര്‍മ്മിപ്പിച്ചു. സക്കേവൂസ് ഈശോയെ കാണാനായി മരത്തില്‍ കയറി ഇരുന്നത് പോലെ ഇന്ന് നമുക്ക് ഈശോയെ കാണാനായി കയറുവാനുള്ള മരമാണ് സഭയെന്നും സഭാജീവിതത്തിലാണ് ദൈവാനുഭവം ഉണ്ടാകേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പുതിയ രൂപതയില്‍ നിന്ന് പൗരോഹിത്യ സന്യാസ ദൈവവിളികള്‍ ഉണ്ടാകാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഇതിനിടയില്‍ ഇംഗ്ലണ്ടിന്റെ അപ്പസ്‌തോലിക നൂണ്‍ഷ്യോ അന്റോണിയോ മെത്തിനിയെ നേരില്‍ കാണാനും അഭിവന്ദ്യ പിതാക്കന്മാര്‍ സമയം കണ്ടെത്തി. ഗ്രേറ്റ് ബ്രിട്ടനില്‍ സീറോ മലബാര്‍ സഭയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുകയും പരിശുദ്ധ സിംഹാസനത്തിന്റെ എല്ലാ പിന്തുണയും നൂണ്‍ ഷ്യോ വാഗ്ദാനം ചെയ്യുകയും ചെയ്തു. വിവിധ സ്ഥലങ്ങളില്‍ അഭിവന്ദ്യ പിതാക്കന്മാര്‍ക്കു നല്‍കിയ സ്വീകരണത്തില്‍ റവ. ഫാ. മാത്യു പിണക്കാട്ട്, റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, റവ. ഫാ. ജോസ് അന്തിയാംകുളം, റവ. ഫാ. പോള്‍ വെട്ടിക്കാട്ട്, റവ. ഫാ. ലോനപ്പന്‍ അരങ്ങാശേരി, റവ. ജെയ്‌സണ്‍ കരിപ്പായി, കൈക്കാരന്‍മാര്‍, കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സഭാ തലവന്റെ സന്ദര്‍ശനം പുതിയ രൂപതയ്ക്ക് വലിയ ആവേശവും ഉന്മേഷവും പകര്‍ന്നുവെന്ന് മാര്‍ സ്രാമ്പിക്കല്‍ അഭിപ്രായപ്പെട്ടു. ആലഞ്ചേരി പിതാവ് പങ്ക് വച്ച സഭാ ദര്‍ശനങ്ങള്‍ക്കനുസരിച്ച് ഗ്രേറ്റ് ബ്രിട്ടനില്‍ സുവിശേഷ സന്ദേശമെത്തിക്കാന്‍ എല്ലാവരുടെയും പിന്തുണ തനിക്കാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനങ്ങള്‍ക്കു നേതൃത്വം നല്‍കിയവരെയും ഒരുക്കങ്ങള്‍ നടത്തിയവരെയും അദ്ദേഹം നന്ദിപൂര്‍വ്വം അനുസ്മരിച്ചു. |